ആഴം 8000 കിലോമീറ്റര്‍ വരെ; യുറാനസിലും നെപ്റ്റ്യൂണിലും മഹാസമുദ്രങ്ങള്‍ ഒളിഞ്ഞിരിക്കുന്നു- പഠനം

ആഴം 8000 കിലോമീറ്റര്‍ വരെ; യുറാനസിലും നെപ്റ്റ്യൂണിലും മഹാസമുദ്രങ്ങള്‍ ഒളിഞ്ഞിരിക്കുന്നു- പഠനം


ഭൂമിക്ക് പുറത്തേക്കുള്ള ബഹിരാകാശ പഠനങ്ങള്‍ ലോകമെങ്ങും പുരോഗമിക്കുകയാണ്. മറ്റ് ഗ്രഹങ്ങളില്‍ ജീവനുണ്ടോ? അവിടങ്ങളിലേക്ക് ചേക്കേറി ഭാവിയില്‍ മനുഷ്യന് ജീവിക്കാന്‍ സാധിക്കുമോ എന്ന ആകാംക്ഷയാണ് ശാസ്ത്രജ്ഞന്‍മാരെ ബഹിരാകാശ ഗവേഷണങ്ങളില്‍ സജീവമാക്കുന്ന ഒരു ഘടകം. ഭൂമിക്ക് പുറത്ത് മറ്റ് ഗ്രഹങ്ങളില്‍ മഹാസമുദ്രങ്ങളുണ്ട് എന്ന് ഉറപ്പിക്കുന്ന പുതിയൊരു പഠനം കൂടി പുറത്തുവന്നിരിക്കുകയാണ്. 

സൗരയൂഥത്തിലെ ഹിമഭീമന്‍ ഗ്രഹങ്ങളിലൊന്നായ യുറാനസിലും അയല്‍വാസിയായ നെപ്റ്റ്യൂണിലും വന്‍ ആഴമുള്ള സമുദ്രങ്ങള്‍ ഒളിഞ്ഞുകിടക്കുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു. പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനമാണ് യുറാനസിലെയും നെപ്റ്റ്യൂണിലെയും മഹാസമുദ്രങ്ങളെ കുറിച്ച് വിവരിക്കുന്നത് എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ ഉപയോഗിച്ച് നടത്തിയ പഠനമാണ് ഇരു ഗ്രഹങ്ങളിലെയും സമുദ്രങ്ങളെയും കുറിച്ച് വ്യക്തമാക്കുന്നത്. യുറാനസിന്‍റെയും നെപ്റ്റ്യൂണിന്‍റെയും കനമേറിയ വാതകമണ്ഡലത്തിനും ഐസ്‌പാളികള്‍ക്കും താഴെ സമുദ്രങ്ങള്‍ ഒളിച്ചിരിക്കുന്നു. 5000 മൈല്‍ അഥവാ 8000 കിലോമീറ്റര്‍ വരെ ആഴമുള്ളതാണ് ഈ ജലശേഖരങ്ങള്‍ എന്നും പഠനത്തില്‍ പറയുന്നു. 

സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്. യുറാനസിന് 27 ഉപഗ്രഹങ്ങൾ ഉള്ളതായി കണക്കാക്കുന്നു. അതേസമയം സൗരയൂഥത്തില്‍ വലിപ്പം കൊണ്ട്‌ നാലാമത്തേ ഗ്രഹമാണ് നെപ്റ്റ്യൂണ്‍. ഈ വാതകഭീമന് ഭൂമിയുടെ 17 മടങ്ങിലധികം പിണ്ഡമുള്ളതായി കണക്കാക്കുന്നു. അതിശൈത്യമുള്ള ഇരു ഗ്രഹങ്ങളിലും (യുറാനസ്, -195 ഡിഗ്രി സെല്‍ഷ്യസ്, നെപ്റ്റ്യൂണ്‍, -214 ഡിഗ്രി സെല്‍ഷ്യസ്) എങ്ങനെയാണ് ഐസ് പാളികള്‍ക്ക് താഴെ ജലം കട്ടപിടിക്കാതെ നിലകൊള്ളുന്നത് എന്ന് വ്യക്തമല്ല. യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങളെ കുറിച്ച് നാസയുടെ വൊയേജര്‍ 2 പേടകം യഥാക്രമം 1986ലും 1989ലും പഠിച്ചിരുന്നു. ഇതിന് ശേഷം മറ്റ് ബഹിരാകാശ പേടകങ്ങളൊന്നും ഈ രണ്ട് ഗ്രഹങ്ങളെയും കുറിച്ച് പഠിച്ചിട്ടില്ല. അതിനാല്‍ തന്നെ യുറാനസിനെയും നെപ്റ്റ്യൂണിനെയും കുറിച്ച് അനേകം വിവരങ്ങള്‍ ഇനിയും വരാനിരിക്കുന്നു.