കാഞ്ഞങ്ങാട്: മദ്യപിച്ച് ട്രെയിനിൽ ബഹളം വെച്ച യാത്രക്കാരനെ ഇറക്കിവിട്ട് സഹയാത്രികർ. പുറത്തിറക്കിവിട്ട ദേഷ്യത്തിൽ ട്രെയിനുള്ളിലേക്ക് കല്ലെടുത്തെറിഞ്ഞ് യുവാവ്. കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മംഗലാപുരത്തുനിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനി എത്തിയപ്പോഴാണ് സംഭവം.
ട്രെയിനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരനെ കൂടെയുള്ളവർ പുറത്തിറക്കി വിടുകയായിരുന്നു. ഇതിന്‍റെ ദേഷ്യത്തിൽ പുറത്തിറങ്ങിയ യുവാവ് പുറകിലെ ജനറൽ കമ്പാർട്ട്മെന്‍റിനുനേരെ കല്ലെറിഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു. കല്ലേറിൽ ട്രെയിന് ഉള്ളിലുണ്ടായിരുന്ന ഒരു യാത്രക്കാരന് തലക്ക് പരിക്കേറ്റു. കൊല്ലം, ശക്തികുളങ്ങരയിലെ മുരളിഎന്നയാൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലെറിഞ്ഞയാൾക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
അതിനിടെ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഇന്ന് ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിന്‍റെ ചില്ല് പൊട്ടിയിട്ടുണ്ട്. ആർക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.