കോഴിക്കോട്; ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മണിമുതല്‍ വൈകിട്ട് 6 വരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു.
ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നിഷ്‌ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു.