കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രം. പി സന്തോഷ്‌കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.നോണ്‍ മെട്രോ നഗരങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര ഗതാഗതം നടത്താന്‍ അവസരം നല്‍കുകയാണ്. അതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ നല്‍കാത്തതെന്നാണ് സന്തോഷ്‌കുമാര്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം നല്‍കിയ മറുപടി. പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിച്ചത് പ്രവാസികള്‍ക്കും കേരള വികസനത്തിനും വലിയ തിരിച്ചടിയാണെന്ന് സന്തോഷ് കുമാര്‍ എംപി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പോയിന്റ് ഓഫ് കോള്‍ പദവി ലഭിച്ചാല്‍ കണ്ണൂര്‍ എയര്‍ പോര്‍ട്ടിന് വന്‍ കുതിച്ചുചാട്ടം നടത്താനാവുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. പദവി ലഭിച്ചാല്‍ മാത്രമേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്നും സര്‍വീസുകള്‍ നടത്താന്‍ കഴിയൂ. നിലവില്‍ രാജ്യത്തിനകത്തുള്ള വിമാനക്കമ്പനികള്‍ക്കു മാത്രമാണ് വിമാനസര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഈ വിമാനക്കമ്പനികള്‍ക്ക് ആവശ്യാനുസരണം സര്‍വീസ് നടത്താന്‍ വിമാനങ്ങള്‍ ലഭ്യവുമല്ല. അതിനാലാണ് യാത്രക്കാര്‍ കൂടുതല്‍ ഉണ്ടെങ്കിലും കണ്ണൂരില്‍ വിമാനസര്‍വീസുകള്‍ ആവശ്യമനുസരിച്ച് നടത്താന്‍ സാധിക്കാത്തത്. കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് അവസരമുണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും അനുബന്ധ വികസനം സാധ്യമാക്കാനും സാധിക്കും.