കൊച്ചി : മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്ന സണ്ണി വെയിൻ-ലുക്ക്‌മാൻ-ഹരിശ്രീ അശോകൻ ചിത്രമായ 'ടർക്കിഷ് തർക്കം' തിയേറ്ററുകളിൽ നിന്നും താൽക്കാലികമായി പിൻവലിച്ചു. ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്ന് ചിത്രത്തിൻ്റെ നിർമ്മാതാക്കളായ ബിഗ് പിക്ചേഴ്‌സ് അറിയിച്ചു.
മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ സണ്ണി വെയ്‌നും ലുക്‌മാൻ അവറാനും പ്രധാന വേഷങ്ങളിൽ എത്തിയ 'ടർക്കിഷ് തർക്കം' നവംബർ 22 നാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ ചിത്രം വലിയ ചർച്ചയായി മാറിയിരുന്നു.
കേരളത്തിന്റെ മലയോര പ്രദേശത്തെ ഒരു പരമ്പരാഗത മുസ്ലിം സമൂഹത്തിൽ നടക്കുന്ന ഖബറടക്കവും അതുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന തർക്കവും അടിപിടിയും പൊലീസ് ഇടപെടലും ഒക്കെയാണ് സിനിമയുടെ ഇതിവൃത്തം.
നവാഗതനായ നവാസ് സുലൈമാനാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ബിഗ് പിക്ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദും അഡ്വ. പ്രദീപ് കുമാറും ചേർന്നാണ്.
സിനിമയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളെ തെറ്റിധാരണയുടെ പേരിൽ തിയേറ്ററുകളിൽ നിന്നും പിന്തിരിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത്. യാതൊ തരത്തിലും മതത്തെ നിന്ദിക്കുകയോ അവഹേളിക്കുകയോ ചെയ്യാത്ത സിനിമയാണ് ടർക്കിഷ് തർക്കം. എന്നാൽ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ച് മതത്തിൻ്റെ പേരിൽ സിനിമം നശിപ്പിക്കുന്ന നടപടി ശരിയല്ലെന്ന് അണിയറ പ്രവർത്തകർ പത്ര സമ്മേളനത്തിൽ പറഞ്ഞു