ഹലാൽ ഭക്ഷണം ഇനി മുതൽ മുസ്ലീം യാത്രക്കാർക്ക് മാത്രം; ലയനത്തിന് പിന്നാലെ അടിമുടി മാറ്റവുമായി എയർ ഇന്ത്യ
@ameen white
‘മുസ്ലീം മീൽ’ വിഭാഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
ദില്ലി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.
മുസ്ലീം യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ എയർ ഇന്ത്യ വിമാനങ്ങളിൽ ഇനി മുതൽ ‘മുസ്ലീം മീൽ’ (MOML) എന്ന് അടയാളപ്പെടുത്തൂ. അത്തരം ഭക്ഷണം സ്പെഷ്യൽ ഫുഡ് (എസ്പിഎംഎൽ) വിഭാഗത്തിൽ ഉൾപ്പെടുത്തും. ‘മുസ്ലീം മീൽ’ വിഭാഗത്തിന് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. അതേസമയം, സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലെയും ഭക്ഷണങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്