ആവേശം വാനോളമുയർത്തി കൊട്ടിക്കലാശം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം, പാലക്കാടൻ ജനത മറ്റന്നാൾ വിധിയെഴുതും

ആവേശം വാനോളമുയർത്തി കൊട്ടിക്കലാശം അവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം, പാലക്കാടൻ ജനത മറ്റന്നാൾ വിധിയെഴുതും


പാലക്കാട്: ആവേശം വാനോളമുയർത്തി പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ പാലക്കാടൻ ജനത തങ്ങളുടെ ജനപ്രതിനിധിക്കായി വിധിയെഴുതും. പരസ്യപ്രചാരണം അവസാനിച്ചതോടെ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചത്. സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നടൻ രമേശ് പിഷാരടി, മുനവ്വറലി തങ്ങൾ, ഷാഫി പറമ്പിലുൾപ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രനുമുൾപ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തിൽ വൻജനാവലിയാണ് എത്തിയത്.