ബെംഗളൂരുവിൽ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ, പരാതി നൽകി

ബെംഗളൂരുവിൽ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച്  ബന്ധുക്കൾ, പരാതി നൽകി


ബെംഗളൂരു: ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച്  ബന്ധുക്കൾ. മുപ്പത്തഞ്ചുകാരിയായ സ്നേഹ രാജനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഭർത്താവ് ഹരി എസ് പിള്ളയ്ക്കൊപ്പമായിരുന്നു ബെംഗളൂരുവിൽ സ്നേഹ താമസിച്ചിരുന്നത്. മരണമറിഞ്ഞതിന് പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാദ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർത്താവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഐടി മേഖലയിലാണ് സ്നേഹയ്ക്ക് ജോലി. പത്തനംതിട്ട സ്വദേശിയായ ഭർത്താവ് ഹരി എസ് പിള്ളയ്ക്കും മകൻ ശിവാങ്ങിനുമൊപ്പം ബെംഗളൂരുവിലെ ഫ്ലാറ്റിലായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹ മരിച്ച വിവരം വീട്ടുകാരറിയുന്നത്.പ്രമേഹരോഗിയാണ് സ്നേഹ. കടുത്ത ഛർദിയെ തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത്.പിന്നീട് സ്നേഹ മരിച്ചുവെന്ന വിവരമാണ് ഹരി വീട്ടുകാരെ അറിയികുന്നത്.അതേസമയം ഗുരുതരാവസ്ഥയിലായ സ്നേഹയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഹരി വൈകിപ്പിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. 

മരണത്തിൽ ദുരൂഹത തോന്നിയതോടെയാണ് ബന്ധുക്കൾ സർജാപൂർ പൊലീസിൽ പരാതിപ്പെട്ടത്.ബുധനാഴ്ച പുലർച്ചയാണ് സ്നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.