@noorul ameen
കല്പറ്റ : വയനാടിന്റെ പ്രിയങ്കരി, പ്രിയങ്ക ഗാന്ധി നാളെ വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞക്ക് ശേഷം വോട്ടർമാർക്ക് നന്ദി പറയുന്നതിന് ആയി നവംബർ 30, ഡിസംബർ 1 തീയതികളിൽ മണ്ഡലത്തിൽ പ്രിയങ്ക പര്യടനം നടത്തുകയും ചെയ്യും.
വയനാട് പാർലമെന്റ് മണ്ഡലം എംപിയായി പ്രിയങ്ക ഗാന്ധിയെ തെരഞ്ഞെടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈമാറുന്നതിനായി ഇന്നലെ രാവിലെ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ എൽ പൗലോസ്, പി കെ ബഷീർ എന്നിവ അടങ്ങുന്ന യുഡിഎഫ് സംഘം ന്യൂഡൽഹിയിൽ എത്തിയിരുന്നു.
ന്യൂഡൽഹിയിൽ പ്രിയങ്ക ഗാന്ധിയുടെ താമസസ്ഥലത്ത് എത്തിയാണ് പ്രിയങ്ക ഗാന്ധിയെ വയനാട് പാർലമെന്റ് എംപിയായി തെരഞ്ഞെടുത്തതിന്റെ സർട്ടിഫിക്കറ്റ് സംഘം കൈമാറിയത്. രാഹുൽ ഗാന്ധിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. പാർലമെന്റിൽ വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ ഉന്നയിച്ചേക്കും എന്നാണ് വിവരം.
ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ന് എംപിമാർ പാർലമെന്റ് മാർച്ച് നടത്തുമെന്ന് പറഞ്ഞ ഐ സി ബാലകൃഷ്ണൻ എംഎൽഎ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് എന്നും പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധി വയനാട് മണ്ഡലത്തിൽ വിജയിച്ചത്. രണ്ട് ദിവസം മണ്ഡലത്തിൽ പര്യടനം നടത്തുന്ന പ്രിയഗാന്ധി നവംബർ 30ന് മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഡിസംബർ ഒന്നിന് വയനാട് ജില്ലയിലുമാണ് പര്യടനം നടത്തുക.