കൊല്ലം: ഒറ്റദിവസം മൂന്നു കോടിയിലധികം ആൾക്കാർ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്ര നേട്ടം. ഈ മാസം നാലിനാണ് ഇത്രയധികം പേർ യാത്ര ചെയ്തത്. ഇത് ഗതാഗത ചരിത്രത്തിലെ അപൂർവവും അഭിമാനാർഹവുമായ നേട്ടമാണെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
നവംബർ നാലിന് നോൺ സബർബൻ യാത്രക്കാരുടെ എണ്ണം 120. 27 ലക്ഷം ആയിരുന്നു. ഇതിൽ 19.43 ലക്ഷം പേർ റിസർവ്ഡ് യാത്രക്കാരും 101- 29 ലക്ഷം പേർ അൺ റിസർവ്ഡ് യാത്രികരുമായിരുന്നു. അന്നത്തെ സബർബൻ യാത്രക്കാരുടെ എണ്ണം 180 ലക്ഷമാണ്.ദുർഗാപൂജ, ദീപാവലി, ഛാത്ത് പൂജ എന്നീ ഉത്സവങ്ങളുമായി ബന്ധപ്പെട്ട തിരക്കും അതിന് അനുസൃതമായി ആവശ്യാനുസരണം സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയതുമാണ് അപൂർവ നേട്ടം കൈവരിക്കാൻ റെയിൽവേയ്ക്ക് സഹായകമായത്.
2024 ഒക്ടോബർ ഒന്നിനും നവംബർ അഞ്ചിനും മധ്യേ 4521 സ്പെഷൽ ട്രെയിനുകളിലായി 65 ലക്ഷം പേരാണ് യാത്ര ചെയ്തിട്ടുള്ളത്.കഴിഞ്ഞ വർഷം ഈ സീസണിൽ 4429 സ്പെഷൽ ട്രെയിനുകളാണ് സർവീസ് നടത്തിയത്. ഇത്തവണ 7724 സർവീസുകൾ നടത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73 ശതമാനം വർധനയാണുള്ളത്.
പ്രതിദിനം ശരാശരി 175 സർവീസുകൾ നടത്തുന്നു എന്നാണ് റെയിൽവേയുടെ കണക്ക്.ഉത്സവകാല തിരക്കിന്റെ ഭാഗമായുള്ള മടക്കയാത്രയ്ക്ക് ഇന്നു മുതൽ കൂടുതൽ സ്പെഷൽ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. ഇന്ന് മാത്രം 164 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. നാളെ മുതൽ 11 വരെ സമാനമായ രീതിയിൽ ഇതിലും കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.