തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് 'ടിയാൻ" എന്ന പദത്തിന് സ്ത്രീലിംഗമായി 'ടിയാരി' എന്ന് ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കി നിയമ വകുപ്പ്. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗ തീരുമാനമാണ് ഒക്ടോബര്‍ എട്ടിന് ഉത്തരവായി ഇറങ്ങിയിരിക്കുന്നത്. ഭരണരംഗത്ത് ടിയാൻ' എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി' എന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അര്‍ത്ഥത്തിൽ ഉപയോഗിക്കുന്ന ടിയാൻ' എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ചില ഉദ്യോഗസ്ഥർ ടി. ടിയാൻ, എന്നതിലുപരിയായി ടിയാരി എന്ന ചുരുക്കരൂപം സ്ത്രീലിംഗരൂപമായി ഉപയോഗിച്ചുവരുന്നത് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പരാതികൾ ഉയര്‍ന്നിരുന്നു.
തുടര്‍ന്നാണ് പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകൾക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അർധസർക്കാർ, സഹകരണ സ്വയംഭരണസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകൾക്കും ഉത്തരവിന്റെ പകര്‍പ്പ് നൽകിയതായും ഉത്തരവിൽ വ്യക്തമാക്കുന്നു.