ലോകത്തെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി
ബീജിങ്: ലോകത്തെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. മധ്യ ചൈനയിലാണ് 1,000 മെട്രിക് ടൺ നിലവാരമുള്ള അയിര് അടങ്ങിയ നിക്ഷേപം കണ്ടെത്തിയത്. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ പ്രവിശ്യയുടെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന പിംഗ്ജിയാങ്ങിലാണ് ഇതെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ കണക്കനുസരിച്ച് 600 ബില്യൺ യുവാൻ അതായത് 6,91,473 കോടി രൂപ വിലമതിക്കുന്നതാണ് ഈ നിക്ഷേപം. ഇതോടെ ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനിൽ കണ്ടെത്തിയ 930 മെട്രിക് ടണ്ണിനെ മറികടന്ന് ഈ ശേഖരം ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരമാകുമെന്നും പറയുന്നു. ഈ കണ്ടെത്തൽ ചൈനയുടെ സ്വർണ വ്യവസായത്തിന് മുതൽക്കൂട്ടാകുമെന്നും സാമ്പത്തിക ശേഷി വർധിപ്പിക്കുമെന്നുമാണ് കരുതുന്നത്. വിപുലമായ 3ഡി പരിശോധനയിൽ കൂടുതൽ ആഴത്തിൽ സ്വർണ ശേഖരത്തിൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.