പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് സന്ദീപ് വാര്യര്‍. പാര്‍ട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ബിജെപിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണ്. നടപടി നേരിടാൻ മാത്രം യോഗ്യതയുള്ള നേതാവല്ല താൻ. പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ രണ്ടു തവണ വിളിച്ചിരുന്നുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട് പ്രചാരണത്തിൽ സജീവമാകണമെന്ന് പറഞ്ഞിരുന്നു. തന്‍റെ പരാതികള്‍ അപ്പോള്‍ അറിയിച്ചിരുന്നെങ്കിലും പരിഹരിക്കാനുള്ള നടപടിയുണ്ടായില്ല. നടപടിയെടുക്കാൻ മാത്രം വലിയ നേതാവൊന്നുമല്ല. അതിനുള്ള യോഗ്യതയായിട്ടില്ല. വെറുമൊരു സംസ്ഥാന കമ്മിറ്റി അംഗം മാത്രമാണ്. എന്‍റെ നാട്ടിലെ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം തന്നെ തുടരും. ജാതിമത രാഷ്ട്രീയങ്ങള്‍ക്ക് അതീതമായിട്ടുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടത്തിവരുന്നത്. അത് ഇവിടെ തുടരാൻ എനിക്ക് പ്രയാസമില്ല. സിപിഎമ്മുമായി യാതൊരു വിധ ചര്‍ച്ചയും നടന്നിട്ടില്ല.
സിപിഎമ്മിലേക്കുള്ള ക്ഷണത്തെക്കുറിച്ച് അറിയില്ല. നിലവിൽ ബിജെപിയുടെ പ്രവര്‍ത്തകനാണ് താൻ. അപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് മറുപടി പറയേണ്ട കാര്യമില്ല. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട്. പാലക്കാട് ജില്ലയിൽ നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനം തുടങ്ങിയവ നേരിടേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിൽ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവര്‍ക്ക് ബോധ്യമാകുമെന്ന് സി കൃഷ്ണകുമാറിന്‍റെ പേര് പരാമര്‍ശിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞു.
ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്നും പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോൾ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സി പി എമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിനോട് സന്ദീപ് വാര്യരുടെ പ്രതികരണം. പാർട്ടിയിൽ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടത്. തെരഞ്ഞെടുപ്പിന്ന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും സംസ്ഥാന നേതൃത്വത്തിൽ നിന്ന് പ്രശ്ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
എന്‍ഡിഎ കണ്‍വെഷനിൽ സി കൃഷ്ണകുമാറിന്‍റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ തനിക്ക് അവിടെ സീറ്റുണ്ടായിരുന്നില്ല. കൺവെൻഷൻ വേദിയിൽ ഇരിപ്പിടം ഇല്ലെന്ന് സംസ്ഥാന നേതാവ് മുഖത്ത് നോക്കി പറഞ്ഞു. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി. പ്രശ്നങ്ങളിൽ ഇടപെട്ട് ആവശ്യമായ പരിഹാരം കാണാൻ താൻ അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
മാറ്റിനിര്‍ത്തപ്പെട്ട ഒരുപാട് പേര്‍ പാലക്കാട് ബിജെപിയിലുണ്ട്. അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവണതയാണ് നടക്കുന്നത്.പാലക്കാട് കെ സുരേന്ദ്രൻ മത്സരിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഒഴിവാക്കാമായിരുന്നു.എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഒരു വിളിയിൽ പരിഹരിക്കാവുന്ന വിഷയമാണ് ഇത്രയും വഷളാക്കിയത്. ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.