@noorul ameen
തിരുവനന്തപുരം: ഗുണ്ടകള്‍ക്കെല്ലാം ഇപ്പോള്‍ രംഗണ്ണന്‍ മോഡല്‍ ആഘോഷങ്ങളോടാണ് താല്‍പ്പര്യം. ഇത്തരം ആഘോഷം നടത്തില്‍ റീല്‍സില്‍ ഹിറ്റാകാന്‍ ഇവര്‍ സ്ഥിരം വഴികള്‍ തേടും. തൃശ്ശൂരില്‍ അടക്കം ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷും സംഘവും രംഗണ്ണന്‍ മോഡല്‍ ആക്രമണം നടത്തിയ കലഹം ഉണ്ടാക്കിയപ്പോള്‍ എത്തിയ പോലീസിനെയും ആക്രമിച്ചു കടന്നു.
നെടുമങ്ങാട്ടെ കുപ്രസിദ്ധ ഗുണ്ടയാണ് സ്റ്റാമ്പര്‍ അനീഷ്. ഇയാളുടെ ആക്രമണത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. സിഐ, എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉള്‍പ്പെടുത്തി ഇന്നലെ രാത്രി പാര്‍ട്ടി നടത്തിയിരുന്നു.
പിറന്നാള്‍ പാര്‍ട്ടി പൊലീസ് കഴിഞ്ഞ ദിവസം തന്നെ വിലക്കിയതായിരുന്നു. പിന്നാലെ പിറന്നാള്‍ ആഘോഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സ്റ്റാമ്പര്‍ അനീഷ് ഉള്‍പ്പെടെ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കരമനയില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി കരമന പൊലീസ്.
തളിയില്‍ സ്വദേശികളായ വിഷ്ണുരാജ്, വിജയരാജ് എന്നിവരാണ് ഒളിവിലുള്ളത്. മറ്റൊരു പ്രതി പൂന്തോപ്പ് കോളനി സ്വദേശി സൂരജിനെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ ഗ്രേഡ് എസ്.ഐ ബിനില്‍ കുമാര്‍, സി.പി.ഒ ശരത്, ഹോംഗാര്‍ഡ് ചന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബിനില്‍ കുമാറിന്റെ കൈക്ക് ചതവുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളില്‍ ഒരാളായ സൂരജിന്റെ വീട്ടില്‍ പ്രതികള്‍ ലഹരിപാര്‍ട്ടി നടത്തി. വാളും കത്തിയും മറ്റ് മാരകായുധങ്ങളുമായാണ് ഇവര്‍ ഒത്തുകൂടിയത്. മദ്യപാനവും ലഹരി ഉപയോഗവും അമിതമായതോടെ ഇവര്‍ ബഹളം വയ്ക്കുകയും പരസ്പരം കലഹിക്കുകയും ചെയ്തു. ഇത് സഹികെട്ട സൂരജിന്റെ അമ്മ പൊലീസില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസിനെ കണ്ട വിഷ്ണുരാജും വിജയരാജും ഓടി രക്ഷപെട്ടു. സൂരജിനെ പിടികൂടാന്‍ ശ്രമിക്കവെ ഗ്രേഡ് എസ്.ഐ ബിനില്‍ കുമാറിനെ സൂരജ് ആക്രമിച്ചു.
ഈ സമയം വിഷ്ണുരാജും വിജയരാജും തിരിച്ചെത്തി ശരത്തിനെയും ചന്ദ്രകുമാറിനെയും മര്‍ദ്ദിച്ചു. അപ്രതീക്ഷിതമായി ഇരുമ്പ് കമ്പിയും തടികഷ്ണങ്ങളും കൊണ്ടുള്ള ആക്രമണമായിരുന്നതിനാല്‍ പൊലീസിന് ആക്രമണം ചെറുക്കാന്‍ കഴിഞ്ഞില്ല. ഒളിവില്‍പോയ പ്രതികള്‍ സംസ്ഥാനം വിട്ടെന്നും സൂചനയുണ്ട്.