കോഴിക്കോട്: നഗരമധ്യത്തില്‍ വീടിന് മുന്‍വശത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് വന്‍മോഷണം. കോഴിക്കോട് വേങ്ങേരി സ്വദേശി മുന്ന മഹലില്‍ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സുസുക്കി ആക്‌സസ് സ്‌കൂട്ടറില്‍ നിന്നാണ് ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 48000 രൂപ കവര്‍ന്നത്. കോഴിക്കോട് വെള്ളയില്‍ കണ്ണംകടവ് ഭാഗത്തുള്ള അഷ്‌റഫിന്റെ സഹോദരിയുടെ വീടിന് മുന്‍വശത്തുള്ള നടപ്പാതയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സമയത്താണ് മോഷണം നടന്നത്.
വീട്ടിലെ കുട്ടി സ്‌കൂട്ടറിന് മുകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഈ സമയം മൂന്ന് യുവാക്കള്‍ ബൈക്കില്‍ എത്തുകയും കുട്ടിയോട് വീട്ടില്‍ പോയി വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടി വീട്ടിനുള്ളിലേക്ക് പോയ ഉടന്‍ ഒരാള്‍ സ്‌കൂട്ടറില്‍ കയറുകയും രണ്ട് പേര്‍ ബൈക്കില്‍ സഞ്ചരിച്ച് കാലുകൊണ്ട് സ്‌കൂട്ടര്‍ തള്ളിനീക്കുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെ സ്‌കൂട്ടര്‍ കണ്ടെത്തി. എന്നാല്‍ പൂട്ട് പൊട്ടിച്ച് ഡിക്കി തുറന്ന് പണം കവര്‍ന്ന നിലയിലായിരുന്നു.
അഷ്‌റഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂട്ടറില്‍ പണം ഉണ്ടെന്ന് നേരത്തേ അറിയാവുന്നവര്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ചക്കുംകടവ് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.