കൊല്ലം: കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ ഇന്ന് വിധി പറയും. കൊല്ലം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കലക്ടറേറ്റ് വളപ്പിൽ സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് വിധി. നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ നാല് പ്രവർത്തകരാണ് കേസിലെ പ്രതികൾ. അബ്ബാസ് അലി , ദാവൂദ് സുലൈമാൻ , ശംസൂൺ കരീം രാജ, ഷംസുദ്ദീൻ, മുഹമ്മദ് അയൂബ് എന്നിവരെ കോടതിയിൽ നേരിട്ട് ഹാജരാക്കും. പൊലീസ് കോടതി വളപ്പിൽ കൂടുതൽ സുരക്ഷ ഒരുക്കും.

2016 ജൂണ്‍ 15നാണ് സ്ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്‌ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ ആ വര്‍ഷം സ്‌ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.