രാഹുൽ മാങ്കൂട്ടത്തിലിന് പിറന്നാൾ ആശംസയുമായി പി.സരിൻ, 'ഈ ദിവസം ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിക്കും'

രാഹുൽ മാങ്കൂട്ടത്തിലിന് പിറന്നാൾ ആശംസയുമായി പി.സരിൻ, 'ഈ ദിവസം ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിക്കും'


പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജന്മദിനാശംസകൾ നേർന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ. അടുത്ത വർഷവും ഇനിയുള്ള വർഷങ്ങളിൽ അങ്ങോട്ടും ഈ ദിവസം രാഹുലിന് ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിക്കുമെന്ന് സരിൻ ആശംസിച്ചു. പിറന്നാൾ ദിനത്തിൽ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ. 

വിവാഹ വീട്ടിൽ വെച്ച് പി സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും നിരസിച്ചത് നേരത്തെ ചർച്ചയായിരുന്നു. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തോടെ തുടരുന്നതിനിടെയാണ് കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നൽകാൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു.