ബീഫ് വിളമ്പിയെന്ന് ആരോപിച്ച് മുസ്ലിം വീട്ടിലെ വിവാഹ സല്‍ക്കാരം അലങ്കോലമാക്കി യു.പി പൊലിസ്, ഭക്ഷണം നശിപ്പിച്ചു, പണവും കൊണ്ടുപോയി, വിവാഹവീട് മരണവീടിന് സമാനം

ബീഫ് വിളമ്പിയെന്ന് ആരോപിച്ച് മുസ്ലിം വീട്ടിലെ വിവാഹ സല്‍ക്കാരം അലങ്കോലമാക്കി യു.പി പൊലിസ്, ഭക്ഷണം നശിപ്പിച്ചു, പണവും കൊണ്ടുപോയി, വിവാഹവീട് മരണവീടിന് സമാനം 




@ameen white




















കാൺപൂർ: ബീഫ് വിളമ്പിയെന്ന് ആരോപിച്ച് മുസ്ലിം വീട്ടിലെ വിവാഹ സൽക്കാരത്തിലേക്ക് ഇരച്ചുകയറിയ ഉത്തർപ്രദേശ് പൊലിസ് അതിഥികളെ കൊള്ളയടിച്ചും ഭക്ഷണം നശിപ്പിച്ചും സൽക്കാരമാകെ അലങ്കോലമാക്കി. യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലെ രാംപൂരിൽനിന്നാണ് കിരാതസംഭവം റിപ്പോർട്ട്ചെയ്തതത്‌. രാംപൂരിലെ ധനുപുരയിൽ ചൊവ്വാഴ്ച നടന്ന മുഹമ്മദ് അഹമ്മദ് എന്നയാളുടെ മകളുടെ കല്യാണമാണ് പൊലിസ് അലങ്കോലമാക്കിയത്. വിവാഹവിരുന്നിൽ ബീഫ് വിളമ്പുന്നുവെന്ന് കേട്ടെത്തിയ പൊലിസ് വിവാഹന്തലിലേക്ക് ആക്ഷേപവാക്കുകൾ ചൊരിഞ്ഞ് എത്തുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ നിലത്തുകിടക്കുന്നതിന്റെയും പൊട്ടിയ കസേരകളുടെയും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. മുക്കാൽ മണിക്കൂറോളം സമയം വിവാഹ പന്തലിൽ ആക്രമണം അഴിച്ചുവിട്ടാണ് പൊലിസ് മടങ്ങിയത്. ഇതോടെ പൊടുന്നനെ വിവാഹപ്പന്തൽ മരണവീടിന് സമാനമായി മാറുകയായിരുന്നു. അഹമ്മദ് അഹമ്മദിന്റെ ഭാര്യയുൾപ്പെടെയുള്ളവർ കൂട്ടനിലവിളി ഉയർത്തുന്നതും വിഡിയോയിൽ കാണാം.


പന്തലും ഭക്ഷണവും ഭക്ഷണം സൂക്ഷിച്ച സ്ഥലവുമെല്ലാം അടിച്ചുതകർത്ത പൊലിസ് അതിഥികളിൽനിന്ന് മൂന്നുലക്ഷം രൂപ കവർച്ചനടത്തുകയും ചെയ്തെന്നും വീട്ടുകാർ ആരോപിച്ചു. വിരുന്നിനെത്തിയ ഏതാനും പേർക്ക് മാത്രമാണ് ഭക്ഷണം ലഭിച്ചത്.

സംഭവത്തിൽ പൊലിസ് പറയുന്നത്

മറ്റൊരു തർക്കവുമായി ബന്ധപ്പെട്ടാണ് പൊലിസ് ധനിപുര ഗ്രാമത്തിലേക്ക് പോയതെന്ന് രാംപൂർ പൊലിസ് സൂപ്രണ്ട് (എസ്.പി) വിദ്യാ സാഗർ മിശ്ര പറഞ്ഞു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലിസ് വിവാഹ വേദിയിൽ എത്തിയത്. വിവാഹത്തിന് ആതിഥേയത്വം വഹിച്ച കുടുംബം ആരോപണങ്ങൾ കേട്ടെന്നും വസ്‌തുതകൾ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തുമെന്നും ബന്ധപ്പെട്ടവരെ തക്കതായ ശിക്ഷ നൽകുമെന്നും മിശ്ര അറിയിച്ചു.