കാലിഫോര്‍ണിയ: പൂര്‍ത്തിയാകും മുമ്പേ ലോകത്തിന് അത്ഭുതമായിരിക്കുന്ന ഉപഗ്രഹ ഇന്‍റര്‍നെറ്റ് നെറ്റ്‌വര്‍ക്കാണ് സ്റ്റാര്‍ലിങ്ക്. അമേരിക്കന്‍ ശതകോടീശ്വരനും സ്പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ഉടമയുമായ ഇലോണ്‍ മസ്‌കാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖലയുടെ ശില്‍പി. ഇതില്‍ അവസാനിക്കുന്നില്ല മസ്‌കിന്‍റെ മാജിക് എന്നതാണ് പുതിയ വിവരം. ഭാവിയിലെ മനുഷ്യകോളനിയായി ഭൂമിയിലെ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്ന ചൊവ്വയില്‍ സ്റ്റാര്‍ലിങ്ക് മാതൃകയില്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ഇന്‍റര്‍നെറ്റ് എത്തിക്കുന്നതാണ് മസ്‌കിന്‍റെ മനസിലുള്ള അടുത്ത പദ്ധതി.
മാര്‍സ്‌ലിങ്ക്- പേരില്‍ തന്നെയുണ്ട് സ്പേസ് എക്‌സിന്‍റെയും ഇലോണ്‍ മസ്‌കിന്‍റെയും പദ്ധതിയുടെ വിശദാംശം. ഭൂമിയില്‍ നിന്ന് ഏറെ അകലെയുള്ള ചൊവ്വ ഗ്രഹത്തിനെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുകയാണ് മാര്‍സ്‌ലിങ്ക് പ്രോഗ്രാമിന്‍റെ ലക്ഷ്യം. ശാസ്ത്രലോകം ഏറെ പര്യവേഷണങ്ങള്‍ വിഭാവനം ചെയ്യുന്ന ചൊവ്വയില്‍ ഇന്‍റര്‍നെറ്റ് കണക്ഷനും വാര്‍ത്താവിനിമയ സംവിധാനവും ഒരുക്കുകയാണ് മാര്‍സ്‌ലിങ്കിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ആലോചന നാസയുടെ മേല്‍നോട്ടത്തില്‍ നടന്ന മാര്‍സ് എക്‌സ്പ്ലോറേഷന്‍ പോഗ്രാം അനാലിസിസ് ഗ്രൂപ്പ് യോഗത്തിലാണ് സ്പേസ് എക്‌സ് അറിയിച്ചത്.
ഭൂമിയില്‍ നിലവിലുള്ള സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ മാതൃകയിലായിരിക്കും സ്പേസ് എക്‌സ് ചൊവ്വയില്‍ മാര്‍സ്‌ലിങ്ക് സ്ഥാപിക്കുക. ലോകമെമ്പാടും ആയിരക്കണക്കിന് കുഞ്ഞന്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്‍റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഇതിനകം 100ലേറെ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് ലഭ്യമായിട്ടുണ്ട് എന്നാണ് കണക്കുകള്‍.
സ്പേസ് എക്‌സിന്‍റെ മാര്‍സ്‌ലിങ്കില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ചൊവ്വയിലേക്കുള്ള കമ്മ്യൂണിക്കേഷന്‍ ആലോചനകള്‍. ബ്ലൂ ഒറിജിന്‍, ലോക്ക്‌ഹീഡ് മാര്‍ട്ടിന്‍ എന്നീ കമ്പനികളും താല്‍പര്യം അറിയിച്ചിട്ടുണ്ട്. ചൊവ്വാ ദൗത്യങ്ങളില്‍ സ്വകാര്യ കമ്പനികളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് നാസ.