പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ


പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ


വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 ആണ് രാഹുലിനെ റിമാൻഡ് ചെയ്തത്. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്.

സമാനമായ പരാതിയിൽ നേരത്തെ പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വീണ്ടും പീഡന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഭർത്താവ് രാഹുലിനെതിരെ പരാതിയുമായി യുവതി രംഗത്തെത്തിയത്. ഭർതൃ പീഡനം, നരഹത്യ ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെതിരെ വീണ്ടും കേസ് എടുത്തിരിക്കുന്നത്.

മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. യുവതിയുടെ പരാതിയിലാണ് 85 BNS (498(A) IPC) വകുപ്പുകള്‍ പ്രകാരം ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയത്. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽനിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

നീമയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും ആണ് പരിക്കുകൾ. ഇന്ന് രാവിലെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തി യുവതിയോട് സംസാരിച്ച ശേഷമാണ് പരാതി നല്‍കിയത്. കറിയ്ക്ക് ഉപ്പ് കൂടിപ്പോയി എന്നു പറഞ്ഞാണ് മര്‍ദ്ദനമെന്നാണ് യുവതിയുടെ രക്ഷിതാക്കള്‍ പറയുന്നത്. അതേസമയം മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും ഭർത്താവായ രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ് വച്ചതെന്നും യുവതിയുടെ അച്ഛൻ ആരോപിച്ചു.