മുനമ്പം ഭൂമി തര്‍ക്കത്തില്‍ ചര്‍ച്ച സൗഹാര്‍ദ്ദപരവും പോസിറ്റീവും; പ്രശ്‌ന പരിഹാരം എത്രയും വേഗമെന്ന് സാദിഖലി തങ്ങള്‍; രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; സന്തോഷം പ്രകടിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

മുനമ്പം ഭൂമി തര്‍ക്കത്തില്‍ ചര്‍ച്ച സൗഹാര്‍ദ്ദപരവും പോസിറ്റീവും; പ്രശ്‌ന പരിഹാരം എത്രയും വേഗമെന്ന് സാദിഖലി തങ്ങള്‍; രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി; സന്തോഷം പ്രകടിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍



കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ നടത്തിയ സമവായ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നു എന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചര്‍ച്ച പോസിറ്റീവായിരുന്നു. മുനമ്പം വിഷയം ചര്‍ച്ച ചെയ്തുവെന്നും പ്രശ്‌ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയില്‍ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലീഗ് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി ചര്‍ച്ച നടത്തി. മുനമ്പം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കള്‍ എത്തിയത് എന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു മാനുഷിക പ്രശ്‌നമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

സൗഹൃദ അന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്നും മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം വിഷയം രമ്യമായി പരിഹരിക്കണം എന്നാണ് ഫറൂഖ് കോളേജ് കമ്മിറ്റിയുടെ നിലപാടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വരാപ്പുഴ ബിഷപ്പ് ഹൗസിലാണ് ലീഗ് നേതാക്കള്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച നടത്തിയത്.

മുനമ്പം വിഷയം രമ്യമായ പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മുസ്ലിം ലീഗ് മുന്‍കയ്യെടുക്കുമെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടില്‍ എല്ലാവര്‍ക്കും യോജിപ്പാണ്. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വര്‍ഗീയ ചേരിതിരിവിന് ഒരു കൂട്ടര്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനം വൈകുന്നതിന് നല്‍കേണ്ടിവരുന്നതു വലിയ വിലയാണെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം സമസ്തക്ക് പിന്നാലെ, മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കാന്തപുരം എ പി വിഭാഗവും രംഗത്തെത്തിയത് ലീഗ് നടത്തിയ സമവായ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായരുന്നു. സമുദായത്തിന് അവരുടെ വഖഫ് സ്വത്തുക്കള്‍ തിരിച്ചുകിട്ടണമെന്നും കാന്തപുരം വിഭാഗം മുഖപ്രത്രത്തിലൂടെ വ്യക്തമാക്കിയിരുന്നു.

മുനമ്പത്തും ചാവക്കാട്ടും മാത്രമല്ലെന്നും സംസ്ഥാനത്തുടനീളം വഖഫ് സ്വത്തുക്കള്‍ കള്ള കച്ചവടം നടത്തിയിട്ടുണ്ട്. അവ മുഴുവന്‍ തിരഞ്ഞു പിടിച്ച് വീണ്ടെടുക്കണമെന്നും ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു. സമഗ്ര അന്വേഷണവും നടപടികളും വേണമെന്നും സിറാജ് മുഖപത്രത്തില്‍ പറയുന്നു. വഖഫ് സ്വത്താണെന്ന് അറിയാതെ സ്വത്ത് വിറ്റ് കാശിറക്കിയവരാണ് വിവാദത്തിലെ ശരിയായ പ്രതികള്‍. നിരപരാധികളെ മാന്യമായി പുനരധിവസിപ്പിക്കണമെന്നും ലേഖനത്തില്‍ പറഞ്ഞത്.

അതേസമയം നേരത്തെ മുനമ്പം വിഷയത്തില്‍ ഇതേ നിലപാട് തന്നെയാണ് സമസ്തയും എടുത്തത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതവും പറയുന്നത്. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതയിരുന്നു ലേഖനം. വഖഫ് ഭൂമിയെച്ചൊല്ലിയുള്ള ഇപ്പോഴത്തെ തര്‍ക്കം പലര്‍ക്കും സ്വന്തം താത്പര്യം സംരക്ഷിക്കാന്‍കൂടിയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയത്തെ നിസാരവത്കരിക്കുന്നു. മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഫാറൂഖ് കോളേജ് അധികൃതരും വഖഫ് ബോര്‍ഡും മാറിമാറിവന്ന സര്‍ക്കാരുകളുമാണ്. വിഷയത്തില്‍ ഫാറുഖ് കോളേജിന്റെ ദുരൂഹമൗനം അത്ഭുതപ്പെടുത്തുന്നതാണ്.

ചില രാഷ്ട്രീയ നേതാക്കള്‍ എന്ത് അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്. മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നത്. മുനമ്പത്തെ കുടികിടപ്പുകാര്‍ നിരപരാധികള്‍. അവര്‍ക്ക് നീത് ലഭിക്കണം. എന്നാല്‍, റിസോര്‍ട്ട് ഉടമകളും വമ്പന്‍ മാഫിയകളുമൊക്കെയാണ് ഭൂമി പിടിച്ചെടുക്കാന്‍ രംഗത്തുള്ളത്.താത്പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തില്‍ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണം. സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയും വേണം. എന്നാല്‍, അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തില്‍ പറയുന്നു.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും 1950-ലാണ് അത് വഖഫായതെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം നേരത്തെ പറഞ്ഞിരുന്നു. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളത്. വഖഫ് സ്വത്ത് വില്‍ക്കാന്‍പാടില്ല. അതറിയാതെ സ്ഥലംവാങ്ങിയവര്‍ക്ക് വിറ്റവരില്‍നിന്ന് വില തിരികെവാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അവിടെ ആളുകളെ ഇളക്കിവിടുന്നത് അറുപതോളം റിസോര്‍ട്ടുകാരാണ്. നിരപരാധികളായ കുടിയേറ്റക്കാരെ രക്ഷിക്കണം. അങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. തന്റെ വാക്കുകള്‍ ചില ചാനലുകള്‍ നിരന്തരം വളച്ചൊടിക്കുകയാണെന്നും താന്‍ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമര്‍ ഫൈസി പറഞ്ഞു.