കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വിദേശ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു; നായശല്യം രൂക്ഷമെന്ന് യാത്രക്കാർ
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽവച്ച് വിദേശ വനിതയ്ക്കു തെരുവുനായയുടെ കടിയേറ്റു. കോഴിക്കോടുനിന്ന് വന്ദേഭാരത് ട്രെയിനിൽ കൊച്ചിയിലേക്കു പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന 14 അംഗ ജര്‍മന്‍ വിനോദയാത്രാ സംഘത്തിലെ ആസ്ട്രിച്ച് എന്ന വനിതയ്ക്കാണു തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ വൈകിട്ട് 4.20ന് ആണു സംഭവം. റെയില്‍വേ പോലീസ് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് യാത്രക്കാർ പറഞ്ഞു. പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും പായുന്ന നായ്ക്കളെ തട്ടി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും യാത്രക്കാര്‍.