നീതികിട്ടാന്‍ സുപ്രീംകോടതിയില്‍ പോലും പോകും ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നവീന്റെ കുടുംബം

നീതികിട്ടാന്‍ സുപ്രീംകോടതിയില്‍ പോലും പോകും ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നവീന്റെ കുടുംബം


പത്തനംതിട്ട: നീതികിട്ടാന്‍ സുപ്രീംകോടതിയില്‍ പോലും പോകാന്‍ തയ്യാറാണെന്ന് പ്രതികരിച്ച് മരണമടഞ്ഞ എഡിഎം നവീന്‍ബാബുവിന്റെ കുടുംബം. പി.പി. ദിവ്യയുടെ ജാമ്യഹര്‍ജിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നിയമ നടപടികളുമായി മുമ്പോട്ടു പോകുക. ഇന്നലെ തലശേരി കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം നല്‍കിയത്.

പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും ബോധ്യപ്പെടുത്തും. ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നായിരുന്നു തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിവിധി വന്നതിന് പിന്നാലെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ആദ്യ പ്രതികരണം. ദിവ്യയുടെ പ്രസംഗം ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാനും കണ്ണൂര്‍ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും ആയിരിക്കും മഞ്ജുഷയുടെ അഭിഭാഷകന്‍ ശ്രമിക്കുക.യാത്രയപ്പ് ചടങ്ങിന് ശേഷം നവീന്‍ ബാബു കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞ കാര്യങ്ങളിലെ പൂര്‍ണ്ണമായ തെളിവ് കോടതിയില്‍ ഹാജരാക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിരുന്നില്ല.

11 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇന്നലെ ജാമ്യം കിട്ടിയ പിപി ദിവ്യ ജയില്‍ മോചിതയായത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്നും രണ്ടു പേരുടെ ആള്‍ ജാമ്യവും വേണമെന്നാണ് ജാമ്യം നല്‍കുന്നതിനുള്ള ഉപാധികള്‍. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായി ഒപ്പിടണം. കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്. സാക്ഷികളെ സ്വാധീനിക്കരുത്. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും വിധിപ്പകര്‍പ്പിലുണ്ട്.

സ്ത്രീയെന്നും കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥ എന്നിങ്ങനെയുള്ള പ്രത്യേക പരിഗണന നല്‍കണമെന്നും കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നുമായിരുന്നു വിധി പകര്‍പ്പിലുള്ളത്. പിപി ദിവ്യയുടെ അച്ഛന്‍ ഹൃദ്രോഗിയാണ്. കുടുംബനാഥയുടെ അസാന്നിധ്യം ചെറിയ കാലത്തേക്കാണെങ്കിലും കുടുംബത്തില്‍ പ്രയാസം സൃഷ്ടിക്കുമെന്നും ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് തെളിയിക്കാന്‍ പ്രോസക്യൂഷന് ആയില്ലെന്നും വിധിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതിയില്‍ സമ്മതിച്ചിരുന്നു.

നവീന്‍ബാബുവിന്റെ മരണത്തില്‍ ദുഃഖമുണ്ടെന്നായിരുന്നു ദിവ്യയുടെയും ആദ്യപ്രതികരണം. മാധ്യമ പ്രവര്‍ത്തകരായാലും നാട്ടുകാരായാലും തന്നെ കാണാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. എല്ലാവരുമായും സഹകരിച്ചാണ് പോകുന്നത്. ഏത് ഉദ്യോഗസ്ഥനോടും സദുദ്ദേശപരമായാണ് സംസാരിക്കാറുള്ളത്. എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും എഡിഎമ്മിന്റെ കുടുംബത്തെ പോലെ തന്റേയും ആഗ്രഹം സത്യം തെളിയണം എന്നു തന്നെയാണ്. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കും.'' പിപി ദിവ്യ മാധ്യമങ്ങളോട് പറഞ്ഞു