പാലക്കാട്: വിവാദങ്ങളും തന്ത്രങ്ങളും മാറിമറിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഇന്നവസാനിക്കും. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും.
റോഡ്‌ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. ഇടതു സ്ഥാനാര്‍ത്ഥി പി. സരിന്റെ റോഡ്ഷോ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് തുടങ്ങും. മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ വരുന്നത്.
അടുത്ത ദിവസം പോളിംഗ് ബൂത്തിലേക്ക് എത്തുന്ന ജനങ്ങളോട് വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളും. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. ഇരട്ട വോട്ട്, കള്ളപ്പണ ആരോപണം തുടങ്ങി നിരവധി വിഷയങ്ങള്‍ കണ്ട പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അനേകം മാറിമറിയലുകളും രാഷ്ട്രീയ നാടകങ്ങള്‍ക്കും വേദിയായി.
കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേക്കേറി. രാഹുല്‍മാങ്കൂട്ടത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരേ ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളപ്പണ ആരോപണങ്ങള്‍ വേണ്ടത്ര ഏശാതെ പോയത് സിപിഎമ്മിന് തിരിച്ചടിയായി മാറുകയും ചെയ്തു.