വരാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്സിൽ ഇനിയും ട്വിസ്റ്റുണ്ടാകും'; പാലക്കാട് ഇങ്ങ് എടുക്കുവാന്ന് സന്ദീപ് വാര്യ‍ർ


'വരാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്സിൽ ഇനിയും ട്വിസ്റ്റുണ്ടാകും'; പാലക്കാട് ഇങ്ങ് എടുക്കുവാന്ന് സന്ദീപ് വാര്യ‍ർ


പാലക്കാട്:രമ്യ ചേലക്കരയിൽ പാട്ടും പാടി ജയിക്കുമെന്നും പാലക്കാട്ടെ നായകൻ രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണെന്നും സന്ദീപ് വാര്യര്‍. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലുണ്ടെന്നും പാലക്കാട് കിനാശ്ശേരിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സന്ദീപ് വാര്യര്‍ പറഞ്ഞു. ഇനി ബിജെപിയെ വിമർശിക്കാനില്ലെന്നും താൻ തല്ലിയാൽ അത് നന്നാവില്ലെന്നും ഇന്നലെ മുതൽ താൻ കോൺഗ്രസ്സ് പ്രവർത്തകനാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ,പ്രിയങ്ക ഗാന്ധിയുടെ, കെ. സി വേണുഗോപാലിന്‍റെ, വി. കെ ശ്രീകണ്ഠന്റെ ഷാഫിയുടെ രാഹുലിന്റെ രാഷ്ട്രീയമാണ്‌ ഇനി പറയുക. കെ സുരേന്ദ്രന്‍റെ ശിഖണ്ഡി പരാമര്‍ശത്തിലും സന്ദീപ് വാര്യര്‍ മറുപടി നൽകി. സുരേന്ദ്രൻ പറഞ്ഞത് പൊളിറ്റിക്കലി മാത്രമല്ല, പുരാണപരമായും തെറ്റാണ്.ശിഖണ്ഡി പാണ്ഡവരുടെ കൂടെയായിരുന്നു. സുരേന്ദ്രൻ അമർചിത്ര കഥയെങ്കിലും വായിക്കണം.സന്ദീപ് പോയാൽ ഒരു പ്രശ്നവുമില്ല ചീള് കേസെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

ഗോപാലകൃഷ്ണനും എ.എൻ രാധാകൃഷ്ണനും പോയാൽ ഇമ്മാതിരി പുകില് ഉണ്ടാവുമോ? സന്ദീപിന്‍റെ വീട്ടിൽ ഇ. ഡി വരുമോ എന്ന് കെ സി വേണുഗോപാൽ പറഞ്ഞു.എന്‍െ വീട്ടിൽ വന്നാൽ ഇ.ഡിക്ക് ഒന്നും കിട്ടിയില്ല എന്ന് എഴുതി തന്ന് പോകേണ്ടി വരും. സുരേന്ദ്രന് ധൈര്യമുണ്ടോ പാർട്ടി മാറാനന്നും സന്ദീപ് വാര്യര്‍ വെല്ലുവിളിച്ചു. എംബി രാജേഷും സുരേന്ദ്രനും ഒക്കെ പറയുന്ന കേട്ടാൽ ഒരമ്മ പെറ്റ അളിയന്മാരെ പോലെയാണ്. വിയൂരിൽ  നിന്ന് കണ്ണൂർ ജയിലിൽ പോകുന്നത് പോലെ ബിജെപിയിൽ  നിന്ന് സിപിഎമ്മിൽ പോകുന്നത് .

കോൺഗ്രസിന്‍റെ  പരിശുദ്ധിക്ക്  കോട്ടം വരാതെ  പ്രവർത്തിക്കും. ഈ പാലക്കാട് യുഡിഎഫിന് തരില്ലെയെന്നും പാലക്കാട് ഞങ്ങള്‍ ഇങ്ങ് എടുക്കുവാണെന്നും പറ‍ഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യര്‍ പ്രസംഗം അവസാനിപ്പിച്ചത്. വേദിയിൽ കോണ്‍ഗ്രസാണ് ഭാരതത്തിൽ എന്ന പാട്ടുപാടികൊണ്ടാണ് രമ്യ ഹരിദാസ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. പാട്ടിന് സന്ദീപ് വാര്യര്‍ കയ്യടിക്കുകയും ചെയ്തു.

താൻ എപ്പോൾ പ്രചാരണത്തിന് വരണം എന്ന് തീരുമാനിക്കുന്നത് ബിജെപിയല്ലെന്നും വരാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്സിൽ ഇനിസും ട്വിസ്റ്റുകൾ ഉണ്ടാവുമെന്നും പരിപാടിക്കുശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിൽ നായകൻ രാഹുൽ തന്നെ.നൂറു കോടിയുടെ വിജയം നേടുന്ന സിനിമയിൽ സുരേന്ദ്രൻ ഹാസ്യകഥാപാത്രം.

താൻ ഒരു സിപിഎം നേതാവുമായും ചർച്ച നടത്തിയിട്ടില്ല. ക്ഷമാപണ സന്ദേശം അയച്ചുവെന്ന വാർത്ത തെറ്റാണ്. തന്‍റെ സന്ദർശനത്തിന്റെ പേരിൽ മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വിമർശിച്ചത് ദൗർഭാഗ്യകരമാണ് പാലക്കാട്ട് സിപിഎം ബിജെപി അഡ്ജസ്റ്റ്മെന്‍റ് ഉണ്ട്. എന്‍റെ പഴയ നിലപാടുകളിൽ ഒന്നിൽ മാത്രം ഞാൻ ഉറച്ചുനിൽക്കുന്നു. സിപിഎമ്മിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഉറച്ചുനിൽക്കുകയാണ്.മസാലബോണ്ട്‌, വ്യാജ ഒപ്പ് ഉൾപ്പെടെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ ആരോപങ്ങൾ ആദ്യം ഉന്നയിച്ചത് താൻ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.