കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ വിവിധ വകുപ്പുകളിലെ നിയമനങ്ങൾ സംവരണം പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. 2021-22 വർഷങ്ങളിൽ ​അ​സി​സ്റ്റ​ൻ​റ് പ്രൊഫസർമാരെ നിയമിച്ച ഹർജിയാണ് മാറ്റിയത്.

ഹർജികളിൽ കക്ഷികളുടെ വാദം പൂർത്തിയായതോടെയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ കേസ് വിധി പറയാൻ മാറ്റിയത്. നിയമവിരുദ്ധമായി നിയമനം നേടിയവരെ പുറത്താക്കാനും സംവരണാടിസ്ഥാനത്തിൽ നിയമനം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.

അ​സി​സ്റ്റ​ൻ​റ് പ്രൊഫസർ നിയമനത്തിൽ സംവരണ ഊഴ ക്രമം പാലിക്കാതെയാണ് നിയമനം നടത്തിയെന്നാണ് ഹർജിയിലെ വാദം. ഭിന്നശേഷി വിഭാഗങ്ങൾക്കും പട്ടിക വിഭാഗത്തിനും മറ്റും സംവരണം ലഭിക്കുംവിധം നിയമം കൃത്യമായി പാലിച്ചിട്ടില്ലെന്നാണ് പരാതി. സംവരണം അട്ടിമറിച്ച് നിയമനം നടത്തിയതിന് മുൻ വി.സി. ഉൾപ്പെടെയുള്ളവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.