ക്ലാസില്‍ സംസാരിച്ചു; നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ച് പ്രധാനാധ്യാപിക

ക്ലാസില്‍ സംസാരിച്ചു; നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ച് പ്രധാനാധ്യാപിക



ചെന്നൈ: തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെണ്‍കുട്ടി അടക്കം 5 കുട്ടികളുടെ വായിലാണ് ടേപ് ഒട്ടിച്ചത്. നാലു മണിക്കൂറോളമാണ് കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിച്ച് നിര്‍ത്തിയത്. ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണു സംഭവം.

കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിര്‍ത്തിയതോടെ ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നെന്നുമാണു പരാതി. ചില കുട്ടികള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സ്‌കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കള്‍ക്ക് അയച്ചത്. തുടര്‍ന്ന് ഇവര്‍ കലക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു.