ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ; പരിഗണിച്ചത് പരാതി നല്‍കിയതിലെ കാലതാമസം

ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ; പരിഗണിച്ചത് പരാതി നല്‍കിയതിലെ കാലതാമസം


ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസ് വന്നിരിക്കുന്നത് എട്ടുവര്‍ഷമായെന്നത് കണക്കിലെടുത്താണ് ജാമ്യം നല്‍കുന്നതെന്നും അറസ്റ്റ് ചെയ്താല്‍ പോലും ജാമ്യത്തില്‍ വിടണമെന്നും കോടതി പറഞ്ഞു. കൂടാതെ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുകയും പാസ്‌പോര്‍ട്ട് ഹാജരാക്കുകയും ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ഇത് പ്രകാരം പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ബലാത്സംഗം, 506 ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ സിദ്ദിഖിനെതിരെ ചുമത്തി കേസെടുക്കുകയായിരുന്നു.

മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് തനിക്കെതിരേയുള്ള ഗൂഡാലോചനയാണെന്നായിരുന്നു സിദ്ദിഖിന്റെ വാദംപരാതിക്കാരി ബലാത്സംഗം മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതുമാണ് എന്നായിരുന്നു സിദ്ദിഖിന്റെ പ്രധാന വാദം. 2012 ല്‍ സംഭവം നടന്നുവെന്ന് പറയുന്നത് സൂക്ഷമമായി തയാറാക്കിയ കഥയാണെന്നാണ് സിദ്ദീഖ് അവകാശപ്പെട്ടത്. എന്നാല്‍ സിദ്ദിഖിനെതിരേ തെളിവുണ്ടെന്നും സുപ്രീംകോടതി ഉത്തരവ് മറ്റുകേസുകള്‍ ബാധിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് പറഞ്ഞു. എന്താണ് കേസ് ഇത്രവൈകിയത് എന്ന ചോദ്യത്തിന് ഹേമക്കമ്മറ്റി റിപ്പോര്‍ട്ടായിരുന്നു ധൈര്യമെന്നായിരുന്നു അതിജീവിതയുടെ മറുപടി.

പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയിൽ വാദിച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടി പീഡന പരാതിയുമായി രംഗത്ത് വന്നത്. ഇതിന് മുന്നേയും യുവനടി സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

.സിനിമയുടെ സ്ക്രീനിം​ഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ സിദ്ദീഖിന് എതിരായിരുന്നു. പിന്നീട് കേസ് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.