വീട്ടിൽ പോയിട്ടേയില്ല, പക്ഷേ ഫോട്ടോ ഉണ്ട്! 'ശോഭ സുരേന്ദ്രനും തന്റെ കുടുംബവുമൊത്ത് ഫോട്ടോ' പുറത്തുവിട്ട് സതീഷ്

വീട്ടിൽ പോയിട്ടേയില്ല, പക്ഷേ ഫോട്ടോ ഉണ്ട്! 'ശോഭ സുരേന്ദ്രനും തന്റെ കുടുംബവുമൊത്ത് ഫോട്ടോ' പുറത്തുവിട്ട് സതീഷ്


പാലക്കാട്: തിരൂർ സതീഷിന്റെ വീട്ടിൽ താൻ ഒരിക്കലും പോയിട്ടില്ല എന്നാണ് ഇന്നലെ ശോഭാ സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ ശോഭയുടെ ഈ വാദം തെറ്റാണെന്ന് തെളിയിക്കാൻ ഫോട്ടോകൾ പുറത്തുവിട്ടിരിക്കുകയാണ് തിരൂർ സതീഷ്. ശോഭയും സതീഷിന്റെ കുടുംബാംഗങ്ങളും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ് സതീഷ് പുറത്തുവിട്ടത്. ഫോട്ടോ തന്റെ വീട്ടിൽ വച്ച് എടുത്തതെന്ന് സതീഷ് പറയുന്നു.

എന്റെ ഒപ്പം എവിടെയാണ് സതീശനെ കണ്ടിട്ടുള്ളത്? മരംമുറി കേസിലെ കുറ്റപത്രം വൈകുന്നതെന്ത്? ഒരു സംഘടനാ വിഷയങ്ങളും പറയാൻ  സതീഷ് തന്നെ കണ്ടിട്ടില്ലെന്നായിരുന്നു ഇന്നലെ ശോഭ സുരേന്ദ്രൻ പറഞ്ഞത്. ശോഭാ സുരേന്ദ്രനെ കാണാൻ ഇതുവരെ സതീഷ് വന്നിട്ടില്ല. കൊടകര കേസ് സതീഷ് സംസാരിച്ചിട്ടില്ല. ഒരു മാധ്യമത്തിന്റെ കൃത്യമായ ഗൂഢാലോചന ആണിത്. 

സതീഷിന്റെ വീട്ടിൽ ഒരിക്കലും ഞാൻ പോയിട്ടില്ല. എന്റെ വീടിന്റെ പണി നടക്കുന്ന സ്ഥലത്ത് അമ്പലത്തിൽ പോയി വരുന്ന സതീഷ് എന്തിനാണ് നോക്കാൻ പോകുന്നത്. സതീഷ് പണം വാങ്ങി ശ്രമിക്കുന്നത് ഒന്ന് പാർട്ടിയെ തകർക്കാൻ, രണ്ട് ശോഭയെ തകർക്കാൻ. എന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയാണ്. എന്റെ യുദ്ധം എമ്രാജ് കമ്പനിയുടെ മുതലാളിക്കെതിരെയാണ് എന്നും ഇന്നലെ ശോഭ പറഞ്ഞിരുന്നു.

തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ശോഭ സുരേന്ദ്രൻ പറയുന്നത് സതീഷാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ആരോപിച്ചു. സതീഷിനെ ഉപയോ​ഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാൻ തനിക്ക് അയോ​ഗ്യതയില്ലെന്നും എന്താണ് അയോ​ഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂർ സതീഷിന്റെ കോൾ ലിസ്റ്റ് എടുക്കണമെന്നും വിളിച്ചവർ ആരൊക്കെയെന്ന് സതീഷിനെ കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു