അദാനി കോഴ, സംഭാൽ വിഷയങ്ങളിൽ ചർച്ച അനുവദിക്കാതെ കേന്ദ്രം; തുടർച്ചയായി മൂന്നാം ദിവസവും സഭ നിർത്തിവച്ചു

അദാനി കോഴ, സംഭാൽ വിഷയങ്ങളിൽ ചർച്ച അനുവദിക്കാതെ കേന്ദ്രം; തുടർച്ചയായി മൂന്നാം ദിവസവും സഭ നിർത്തിവച്ചു


ന്യൂഡൽഹി > അദാനി കോഴയിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും യുപിയിലെ സംഭലിൽ സംഘപരിവാർ ആസൂത്രണം ചെയ്ത വർഗീയകലാപത്തിൽ ചർച്ച ആവശ്യപ്പെട്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു. ശീതകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പ്രതിപക്ഷപാർടികളുടെ പ്രതിഷേധത്തെതുടർന്ന് സഭ നിർത്തിവെക്കുകയായിരുന്നു.

ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എംഡി വിനീത് ജയിൻ എന്നിവർക്കെതിരായി യുഎസ് നീതിന്യായവകുപ്പ് അഴിമതി, കോഴ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയ കേസിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷകക്ഷികൾ ഉന്നയിച്ചിരുന്നു.

ഇന്ത്യയിൽ വൻ സാധ്യതകളുള്ള സൗരോർജ ഉൽപ്പാദന, വിതരണ മേഖലയിൽ വൻകിട പദ്ധതികൾ തുടങ്ങുന്നതിനുവേണ്ടി 300 കോടി ഡോളറാണ് (25,200 കോടി രൂപ) അമേരിക്കയിലെ ബാങ്കുകൾ മുഖേനയും നിക്ഷേപകരിൽനിന്നും അദാനി ഗ്രൂപ്പ് സമാഹരിച്ചത്. ഇത്തരത്തിൽ സൗരോർജ ഉൽപ്പാദന, വിതരണ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അദാനി 265 ദശലക്ഷം ഡോളർ (ഏകദേശം 2029 കോടി രൂപ) കൈക്കൂലിയായി നൽകിയെന്നാണ് ന്യൂയോർക്ക് കോടതിയിൽ പ്രോസിക്യൂഷൻ ആരോപിക്കുന്നത്. 2020നും 2024നും ഇടയിലാണ് ഈ കൈക്കൂലി നൽകിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം പാർലമെന്റിൽ ചർച്ചചെയ്യണം എന്നും അദാനി വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത് മൂന്നാം ദിവസമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാർടിയും (ബിജെപി) അദാനിയെ അനുകൂലിക്കുന്നുവെന്നും ഇന്ത്യയിൽ അദാനിക്കെതിരായ അന്വേഷണങ്ങൾ തടയുന്നുവെന്നും പ്രതിപക്ഷ പാർടികൾ പറഞ്ഞു.

ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് സഭയിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ചയും ഇരുസഭകളും നടപടികളിലേക്ക് കടക്കാനാവാതെ പിരിഞ്ഞിരുന്നു.