തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന കണ്ണൂർ കളക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ. കളക്ടർ അരുൺ കെ വിജയന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎഎസ് അസോസിയേഷൻ. നവീൻ ബേബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തിൽ കണ്ണൂർ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. കണ്ണൂർ കളക്ടർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷൻ്റെ പിന്തുണ.
അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടർ നൽകുന്നുണ്ട്. അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ കുടുംബം കളക്ടർക്കെതിരെ രംഗത്തുവരുമ്പോഴാണ് കളക്ടറെ പിന്തുണച്ചു കൊണ്ടുള്ള ഐഎഎസ് അസോസിയേഷൻ്റെ നിലപാട് എന്നതാണ് ശ്രദ്ധേയമാവുന്നത്.
അതേസമയം, എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്നാണ് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ വാദം. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിലാണ് കുടുംബത്തിൻ്റെ അഭിഭാഷകൻ ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ പ്രൊസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്ത് കോടതിയിൽ നിലപാടെടുത്തു. പൊലീസ് ദിവ്യക്ക് വേണ്ടി ഒരു ഒളിച്ചുകളിയും നടത്തിയില്ലെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തിയില്ലെന്ന വാദത്തെയും പ്രോസിക്യൂഷൻ എതിർത്തു.
രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാന വാദം. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കളക്ടർ നിഷേധിച്ചതിന് കാരണം കളക്ടർ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ലെന്നായിരുന്നു. ലീവ് നൽകാറില്ല. അത്തരത്തിൽ അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. ആരെങ്കിലും മാനസിക ഐക്യം ഇല്ലാത്ത ആളോട് കുറ്റസമ്മതം നടത്തുമോ? റവന്യു അന്വേഷണത്തിൽ കളക്ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്.
സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണം എന്ന് പറഞ്ഞു വരുമ്പോൾ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ കേസ് എടുക്കേണ്ടതാണ്. ദിവ്യയുടെ ഭർത്താവിനൊപ്പം ജോലിചെയ്യുന്ന ആളാണ് പ്രശാന്തൻ. എന്നാൽ ഇതുവരെ
ഇയാൾക്കെതിരെ കേസെടുത്തില്ല. 14ാം തിയ്യതി വരെ അഴിമതി നടത്തിയെന്നോ, പണം വാങ്ങി എന്നോ ദിവ്യ ആരോപണം ഉണ്ടായിരുന്നില്ല. അനുമതി വൈകിപ്പിച്ചു എന്നാണ് പറഞ്ഞിരുന്നത്. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴി ഇത് വരെ രേഖപ്പെടുത്തിയില്ല. ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിച്ചു നടന്നു. കീഴടങ്ങിയത് നന്നായി. അല്ലെങ്കിൽ ഒളിച്ചു കളി തുടർന്നേനെ. കളക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കളക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.