ആത്മഹത്യയ്ക്കായി റെയിൽവേ ട്രാക്കിൽ കിടന്നു, ഒടുവിൽ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമായി യുവതി പ്രണയത്തിലായി


ആത്മഹത്യയ്ക്കായി റെയിൽവേ ട്രാക്കിൽ കിടന്നു, ഒടുവിൽ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമായി യുവതി പ്രണയത്തിലായി



ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന തോന്നലില്‍ നിന്നാണ് പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. എന്നാല്‍, ആ ഒരു നിമിഷത്തെ മറിക്കടക്കാന്‍ കഴിഞ്ഞാല്‍, അത്തരമൊരു നീക്കത്തിന് തന്നെ പലരും തയ്യാറാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരം സന്ദര്‍ഭങ്ങളില്‍, മാനസിക പ്രശ്നങ്ങള്‍ നേരിടുന്നരുടെ പ്രശ്നങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ പോലും ആളുകള്‍ ആത്മഹത്യാ ശ്രമങ്ങളില്‍ നിന്നും പിന്മാറുന്നു. ഇത്തരത്തില്‍ ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആ നീക്കത്തില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ ആളുമായി  യുവതി പ്രണയത്തിലാവുകയും ചെയ്തു. സംഭവം നടന്നത് 2019 -ല്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലാണ്. 

ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ബ്രാഡ്ഫോർഡിൽ നിന്നുള്ള 33 കാരിയായ ഷാർലറ്റ് ലീ, നേഴ്സും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2019  -ല്‍ ഷാർലറ്റ് ലീയ്ക്ക് കടുത്ത വിഷാദവും ഉത്കണ്ഠയും മൂലം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ബാധിച്ചു. പിന്നാലെ വൈകാരികമായി സ്ഥിരത നേടാന്‍ പറ്റാതെ അവര്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടു. ഒടുവില്‍, തന്‍റെ മാനസിക പിരിമുറുക്കത്തില്‍ നിന്നും രക്ഷതേടി ഷാർലറ്റ് ലീ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ഷാര്‍ലറ്റിന്‍റെ തീരുമാനം. എന്നാല്‍, ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്, ദൂരെ നിന്ന് തന്നെ ഷാര്‍ലെറ്റിനെ കാണുകയും അവള്‍ ആത്മഹത്യയ്ക്ക് തയ്യാറായി നില്‍ക്കുകയാണെന്ന് തിരിച്ചറിയുകയും ചെയ്തു. അപകടം ഒഴിവാക്കാന്‍ ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റ്, ട്രെയിനില്‍ നിന്നുമിറങ്ങി ഷാര്‍ലന്‍റിന്‍റെ സമീപിക്കുകയും അവളെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരികയുമായിരുന്നു. 


ഷാര്‍ലെറ്റുമായി ഏതാണ്ട് അരമണിക്കൂറോളം നേരം റെയില്‍വേ ട്രാക്കില്‍ വച്ച് സംസാരിച്ച അദ്ദേഹം അവളോട് ആത്മഹത്യാശ്രമം ഉപേക്ഷിക്കാനും ജീവിതത്തിലേക്ക് തിരികെ വരാനും ഉപദേശിച്ചു.  തുടര്‍ന്ന് അദ്ദേഹം അവളെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും അവിടെ നിന്നും സ്റ്റേഷന്‍ മാസ്റ്ററുടെയും പോലീസിന്‍റെയും സഹായത്തോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. ലോക്കോ പൈലറ്റിൽ നിന്നും ലഭിച്ച അസാധാരണമായ ഊര്‍ജ്ജം ഷാർലറ്റ് ലീയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. 


ഒടുവില്‍, മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ ഷാര്‍ലറ്റ്, തന്നെ കേള്‍ക്കാന്‍ തയ്യാറായ ഡേവ് ലെ എന്നുപേരുള്ള ലോക്കോ പൈലറ്റിനോട് നന്ദി പറയാനായി സമൂഹ മാധ്യമങ്ങളില്‍ തെരഞ്ഞു. ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തുകയും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍ തുടരുകയും ചെയ്തു. ഏതാണ്ട് രണ്ട് മാസത്തോളം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം സംസാരിക്കുകയും പിന്നീട് വീണ്ടും നേരില്‍ കണ്ടുമുട്ടുകയും ചെയ്തു. പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ഇരുവര്‍ക്കുമിടയില്‍ സ്നേഹബന്ധം രൂപപ്പെടുകയും  ഒടുവിൽ, അവർ വിവാഹിതരുമായി. ഇന്ന് ഇരുവര്‍‌ക്കും ഒരു കുട്ടിയുണ്ട്. ജീവിതത്തില്‍ ഏറ്റവും മോശമായ കാലത്ത് തന്നെ കേള്‍ക്കാന്‍ തയ്യാറായ ഡേവ് ലെയോടും തന്‍റെ മൂന്ന് കുട്ടികളോടുമൊപ്പമാണ് ഷാര്‍ലറ്റ് ലീയും ഇപ്പോഴത്തെ ജീവിതം.