ഹൈവേയിലൂടെ പോകവേ കണ്ടെയ്നറിനെ വിഴുങ്ങി തീജ്വാലകൾ, പ്രദേശത്താകെ കനത്ത പുക, കത്തിനശിച്ചത് എട്ട് കാറുകൾ


ഹൈവേയിലൂടെ പോകവേ കണ്ടെയ്നറിനെ വിഴുങ്ങി തീജ്വാലകൾ, പ്രദേശത്താകെ കനത്ത പുക, കത്തിനശിച്ചത് എട്ട് കാറുകൾ


ഹൈദരാബാദ്: കാറുകളുമായി വരികയായിരുന്ന കണ്ടെയ്‌നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകൾ കത്തിനശിച്ചു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഹൈദരാബാദ് - മുംബൈ ഹൈവേയിലാണ് സംഭവം നടന്നത്. 

തീജ്വാലകൾ കണ്ടെയ്‌നറിനെ വിഴുങ്ങുന്ന ദൃശ്യം പുറത്തുവന്നു. കണ്ടെയ്നറിൽ നിന്ന് കനത്ത പുക ഉയർന്നു. അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ പ്രയാസപ്പെട്ടു. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കണ്ടെയ്നറിലുണ്ടായിരുന്ന എട്ട് കാറുകളാണ് കത്തിനശിച്ചത്. കാറുകൾ പൂർണമായും തകർന്നു. കണ്ടെയ്‌നർ ഓടിച്ചിരുന്ന ഡ്രൈവർ 20 ശതമാനം പൊള്ളലേറ്റ് ചികിത്സയിലാണ്.

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ സംഗറെഡ്ഡി ജില്ലയിലെ സഹീറാബാദ്

 ബൈപാസ് റോഡിൽ വെച്ചാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു. തീപിടിത്തം ഹൈവേയിൽ ഗതാഗത കുരുക്കിനിടയാക്കി.