ഞെട്ടിച്ച് കോളിത്തട്ട് ബാങ്കിലെ വെട്ടിപ്പ് കാണാപ്പുറത്ത് ലക്ഷങ്ങൾ

ഞെട്ടിച്ച്   കോളിത്തട്ട് ബാങ്കിലെ വെട്ടിപ്പ്  
കാണാപ്പുറത്ത് ലക്ഷങ്ങൾ 


















ഇരിട്ടി: കോടികളുടെ ക്രമക്കേടുകളും വെട്ടിപ്പുകളും  കണ്ടെത്തിയതോടെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തിയ കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിൽ നടന്നത് ഞെട്ടിക്കുന്ന വെട്ടിപ്പുകളാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്ക് ഭരണസമിതിയുടേയും ജീവനക്കാരുടേയും നേതൃത്വത്തിൽ അധികാര ദുർവിനിയോഗവും  സംഘടിത കൊള്ളയുമാണ്  ഇവിടെ നടന്നിരിക്കുന്നതെന്നാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാറുടെ നേതൃത്വത്തിൽ നടത്തിയ  അന്വേഷണ  റിപ്പോട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലുകളെ തുടർന്ന്   സി പി എം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതിയെ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്റ്റാർ (ജനറൽ) കഴിഞ്ഞ ദിവസമാണ് പിരിച്ചു വിട്ട്  അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്.
ബാങ്കിന്റെ പേരട്ട ശാഖയിൽ നിന്നും മൂന്ന് തവണകളായി  കോളിത്തട്ടിലെ  ഹെഡ് ഓഫീസിൽ  അടച്ച ലക്ഷങ്ങൾ കാണാനില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.  2023ജൂലായ് മുതൽ ഓഗസ്റ്റ് വരെ വിവിധ ദിവസങ്ങളിലായി അടച്ച അഞ്ചര ലക്ഷം രൂപയോളമാണ്  കണക്കിൽ എവിടെയും രേഖപ്പെടുത്താതിരുന്നത്. ഇതിനു പുറമെ  2023 ഓഗസ്റ്റ് 30ന് പേരട്ട ശാഖയിൽ നിന്നും ഹെഡോഫീസിലേക്ക് അയച്ച രണ്ട് ലക്ഷം രൂപ 2024 ഫെബ്രുവരി 13നാണ് അക്കൗണ്ടിൽ വരവ് വെച്ചിരിക്കുന്നത്.  ബാങ്കിന്റെ കണക്കിൽപെടുത്താതെ അറിഞ്ഞുകൊണ്ട് നടത്തിയ ക്രമക്കേടുകളാണ് ഇവയെല്ലാമെന്നാണ് അന്വേഷണത്തിൽ  കണ്ടെത്തിയിരിക്കുന്നത്.
 കൂടാതെ സ്വത്ത് പണയം വെച്ച് നൽകുന്ന  വായ്പ്പകൾക്ക് ഈടായി സ്വീകരിക്കുന്ന ഭൂമിയുടെ മാർക്കറ്റ് വില പെരുപ്പിച്ച് കാണിച്ച്   സ്വന്തക്കർക്ക് ലക്ഷങ്ങൾ വായ്പ്പ നൽകിയതായും റിപ്പോർട്ടിലുണ്ട്.  സംഘത്തിൽ പണയപ്പെടുത്തിയ സ്വർണ്ണപണ്ടങ്ങളുടെ ദുരുപയോഗം, അക്കൗണ്ടുകളിലൂടെ നടത്തിയ ക്രമക്കേട്, വ്യാജ രേഖ ഉണ്ടാക്കി സംഘം ഫണ്ട് കൈവശപ്പെടുത്തൽ തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.  ജീവനക്കാരുടെ ബന്ധുക്കളുടേയും അല്ലാത്തവരുടേയും പേരിൽ വ്യാജ വായ്പ്പയെടുക്കുക, അത് കുടിശ്ശിക വായ്പ്പകളുടെ ഗണത്തിൽ്‌പ്പെടുത്തി കാർഷിക കടാശ്വാസ പദ്ധതിപ്രകാരം  എഴുതി തള്ളി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യൽ തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാർഷിക കടാശ്വാസ പദ്ധതിപ്രകാരം കുടിശ്ശികയായ കടങ്ങൾ എഴുതി തള്ളിയ ഇടപാടുകാരുടെ വിവരങ്ങളൊന്നും ബാങ്കിൽ ലഭ്യമല്ല.  കൃഷിക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം ബാങ്കിന്റെ പൊതു ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയതിലും വൻ  വെട്ടിപ്പ് നടന്നതായും കണ്ടെത്തി.
  ബാങ്കിൽ ഉപയോഗിക്കുന്ന കപ്യൂട്ടർ  സോഫ്റ്റ് വെയർ  സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവിന് വിരുദ്ധമായുള്ളതാണെന്നും    ഇത്തരം സോഫ്റ്റ് വെയറിലൂടെ രേഖപ്പെടുത്തിയ എൻട്രികൾ പലതും മായിച്ചു കളഞ്ഞതായും കണ്ടെത്തി.  മായ്ച്ചു കളഞ്ഞ ഇത്തരം   എൻട്രികളെക്കുറിച്ച് വിശദീകരിക്കാൻ ബാങ്ക് ജീവനക്കാർക്കോ ഭരണ സമിതി അംഗങ്ങൾക്കോ കഴിഞ്ഞതുമില്ല. സ്ഥിര  നിക്ഷേപ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ഒന്നും പാലിച്ചിട്ടില്ല. ഇത്തരം 362 നിക്ഷേപ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് സംഘത്തിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.  ഇത്തരം അക്കൗണ്ടുകളിലെ പലവിവരങ്ങളും സോഫ്റ്റ് വെയറിൽ നിന്നും മയിച്ചു കളഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത കപ്യൂട്ടർ പരിജ്ഞാനം എന്നിവ  കണക്കിലെടുക്കുമ്പോൾ ഇത്തരം തിരിമറികൾ ജീവനക്കാർ തന്നെയാണ് നടത്തിയിരിക്കുന്നത് എന്നതിൽ സംശയിക്കേണ്ടതില്ലെന്നും പരിശോധയ്ക്ക് വിധേയമാക്കേണ്ടതാണെന്നും സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.