കോഴിക്കോട്: അപസ്മാര ബാധിതയായ 25കാരിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അത്യപൂര്‍വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയയ്ക്കാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചത്. തലയോട്ടി തുറന്ന് തലച്ചോറില്‍ ഇലക്ട്രോ കോര്‍ട്ടിക്കോ ഗ്രാഫ് (ഇ.സി.ഒ.ജി.) ഘടിപ്പിച്ച് വൈദ്യുത ഉത്തേജനത്തിന്റെ അധികതോത് പരിശോധിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുന്നുവെന്നതാണ് പ്രത്യേകത.
കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്. വര്‍ഷങ്ങളായി അപസ്മാരരോഗത്താല്‍ ബുദ്ധിമുട്ടുകയായിരുന്നു യുവതി. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപസ്മാരശസ്ത്രക്രിയ പത്തുവര്‍ഷംമുമ്പ് ഡോ. ജെയിംസ് ജോസ്, ഡോ. ജേക്കബ് ആലപ്പാട്, ഡോ. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചിരുന്നെങ്കിലും ഇലക്ട്രോ കോര്‍ട്ടിക്കോ ഗ്രാമിന്റെ സഹായത്തോടെയാകുന്നത് ഇപ്പോഴാണ്.
അപസ്മാരത്തിന് കാരണമായേക്കാവുന്ന തലച്ചോറിലെ പ്രശ്‌നബാധിതസ്ഥാനം കണ്ടെത്തി, അവിടെ ശസ്ത്രക്രിയ നടത്തി പരിഹാരമുണ്ടാകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചില സ്വകാര്യ ആശുപത്രികളില്‍ ഇത് ചെയ്യുന്നുണ്ടെങ്കിലും ലക്ഷങ്ങള്‍ ചെലവുവരും.
മെഡിക്കല്‍ കോളേജ് ന്യൂറോസര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വി.എം. പവിത്രന്‍, അസോ. പ്രൊഫ. ഡോ. പി. അബ്ദുള്‍ ജലീല്‍, ന്യൂറോ മെഡിസിന്‍ വിഭാഗം അസി. പ്രൊഫ. ഡോ. നീത ബാലറാം എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ആറുമണിക്കൂറിലേറെയെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. ന്യൂറോ സര്‍ജറി മേധാവി ഡോ. പ്രകാശന്‍, ന്യൂറോ മെഡിസിന്‍ മേധാവി ഡോ. ബീനാ വാസന്തി, അസി. പ്രൊഫസര്‍മാരായ ഡോ. സുഷ, ഡോ. സുഷിഭ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
വീഡിയോ ഇ.ഇ.ജി., എം.ആര്‍.ഐ., പെറ്റ് സ്‌കാന്‍, ന്യൂറോ സൈക്കോളജിക്കല്‍ പരിശോധനകള്‍ എല്ലാംനടത്തി, അതിലൂടെ അപസ്മാരത്തിന്റെ പ്രഭവകേന്ദ്രം തലച്ചോറിലെ ഒരിടംതന്നെയാണെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ അപസ്മാരശസ്ത്രക്രിയ നടത്തുകയുള്ളൂ. അതോടൊപ്പം ഈ പ്രഭവകേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തുന്നത് കണ്ണ് ഉള്‍പ്പെടെ ശരീരത്തിന്റെ ഏതെങ്കിലും പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമോ എന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.