ഫുട്‌ബോള്‍ മൈതാനം ഇപ്പോള്‍ ശവസംസ്‌കാര സ്ഥലമാണ് ; ഗാസയുടെ വേദനയുമായി ഫലസ്തീന്‍ ക്രിസ്ത്യാനികള്‍ ; ഗാസയിലെ ക്രൈസ്തവരെ പാശ്ചാത്യ രാജ്യങ്ങളിലെ സഭകള്‍ അവഗണിക്കുന്നു


ഫുട്‌ബോള്‍ മൈതാനം ഇപ്പോള്‍ ശവസംസ്‌കാര സ്ഥലമാണ് ; ഗാസയുടെ വേദനയുമായി ഫലസ്തീന്‍ ക്രിസ്ത്യാനികള്‍ ; ഗാസയിലെ ക്രൈസ്തവരെ പാശ്ചാത്യ രാജ്യങ്ങളിലെ സഭകള്‍ അവഗണിക്കുന്നു


യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന്റെ ആഘോഷം വാഷിങ്ടണ്ണില്‍ നടക്കുമ്പോള്‍ നിറകണ്ണുകളുമായി അതു നോക്കി നില്‍ക്കുകയായിരുന്നു ഖലീല്‍ സായ്ഗ്. ഇസ്രയേലികളും പാലസ്തീനികളും തമ്മിലുള്ള സമാധാനത്തിനായി വാദിക്കുന്ന അഗോറ ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണു വാഷിങ്ടണ്‍ ഡി.സിയില്‍ താമസിക്കുന്ന ഖലീല്‍.

ഗാസയില്‍നിന്ന് അഭയാര്‍ഥിയായാണ് അദ്ദേഹം യു.എസിലെത്തിയത്. കുടുംബാംഗങ്ങള്‍ ഇപ്പോഴും ഗാസയിലുണ്ട്. യുദ്ധത്തിനിടെ പിതാവിനെയും ഒരു സഹോദരിയെയും അദ്ദേഹത്തിനു നഷ്ടമായി. യു.എസ്. തെരഞ്ഞെടുപ്പില്‍ ഹമാസിനെ 'ഭീകരരായി' പ്രഖ്യാപിക്കാനുള്ള തിരക്കിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍. പക്ഷേ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭാ വിശ്വസിയായ അദ്ദേഹം ആ 'വിശേഷണത്തോട്' യോജിക്കുന്നില്ല... ആവേശത്തോടെ മുന്നേറുന്ന ജനക്കൂട്ടത്തെ നോക്കി അദ്ദേഹം പിറുപിറുത്തു. 'ഗാസയുടെ കണ്ണീര്‍ ആരും കാണുന്നില്ലേ?'.

ഗാസ മുനമ്പിലായിരുന്നു ഖലീല്‍ സായ്ഗിന്റെ ബാല്യം. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള സെന്റ് പോര്‍ഫിറിയസ് പള്ളി ഇടവകാംഗം. ഗാസയിലെ ന്യൂനപക്ഷമാണു ക്രിസ്താനികള്‍. പക്ഷേ, ചെറുപ്പത്തില്‍ അത്തരം വിവേചനമൊന്നും ഖലീല്‍ നേരിട്ടിട്ടില്ല. ഇപ്പോള്‍ ഗാസയില്‍ നടക്കുന്ന കാര്യങ്ങള്‍ ദൂരെ നിന്ന് നിസഹാനായി വീക്ഷിക്കുകയാണ് അദ്ദേഹം. അര ലക്ഷത്തോളം പാലസ്തീനികളുടെ മരണത്തിനു കാരണമായ യുദ്ധത്തില്‍ യു.എസിന്റെ സമാധാന നീക്കങ്ങള്‍ക്ക് ആത്മാര്‍ഥത പോരെന്നാണു ഖലീലിന്റെ നിലപാട്. 'ഒരു ലക്ഷം പേര്‍ക്കു പരുക്കേറ്റു. 23 ലക്ഷം പേര്‍ കുടിയൊഴിക്കപ്പെട്ടു. ഇതെല്ലാം ലോകരാജ്യങ്ങള്‍ കണ്ടുനില്‍ക്കുകയാണ്'- അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണയില്‍ ഉറച്ചുനില്‍ക്കുന്നു, കമലാ ഹാരിസും ആ നിലപാടില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. അതോടെ അറബ് അമേരിക്കക്കാര്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സെ്റ്റയ്‌നിനിലാണു പ്രതീക്ഷ കണ്ടത്. അതു പ്രതിഷേധ വോട്ടായി കണ്ടാല്‍ മതിയെന്നാണു ഖലീല്‍ പറയുന്നത്. വീണ്ടും അദ്ദേഹം നല്ല കാലത്തിന്റെ ഓര്‍മ്മകളിലേക്ക് മടങ്ങി. ഗാസ മുനമ്പിലെ ചെറുതും എന്നാല്‍ പുരാതനവുമായ ക്രിസ്ത്യന്‍ സമൂഹത്തിലെ അംഗമാണ് അദ്ദേഹം. പഴയ ആചാരങ്ങള്‍ ഏറെയുള്ള സഭ. സെന്റ് പോര്‍ഫിറിയസില്‍ അറബിയിലും പുരാതന ഗ്രീക്കിലുമായിരുന്നു കുര്‍ബാന. ധൂപപ്രാര്‍ഥനയും ഗാനങ്ങളും സംയോജിപ്പിച്ചുള്ള ദൈര്‍ഘ്യമേറിയ കുര്‍ബാന.

എ.ഡി അഞ്ചാം നൂറ്റാണ്ടിലാണ് ആ പള്ളി പണികഴിപ്പിച്ചത്. പിന്നീട് ഗാസയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ കേന്ദ്രമായി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടന്ന ഇസ്രയേല്‍ ആക്രമണം ആ പള്ളി വളപ്പിലുമെത്തി. വ്യോമാക്രമണത്തില്‍ കോമ്പൗണ്ടിലെ ഒരു കെട്ടിടം തകര്‍ന്ന് 17 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോള്‍ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉള്‍പ്പെടെ നാന്നൂറോളം പാലസ്തീനികളുടെ അഭയ കേന്ദ്രമാണു സെന്റ് പോര്‍ഫിറിയസ് പള്ളി.

ഇസ്രയേല്‍ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ പള്ളിയുടെ വാതില്‍ അഭയാര്‍ഥികള്‍ക്കായി തുറന്നു. നഗരത്തിന്റെ മറുവശത്ത്, ഹോളി ഫാമിലി കത്തോലിക്കാ ഇടവകയും അറുന്നൂറോളം അഭയാര്‍ഥികള്‍ക്ക് ആശ്രയം നല്‍കി. അവരില്‍ സയേഗിന്റെ മാതാപിതാക്കളും രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു.

ആ പള്ളിക്കു നേരേയും ആക്രമണമുണ്ടായി. ഹോളി ഫാമിലി കോമ്പൗണ്ടിനുള്ളിലെ ഒരു കെട്ടിടത്തില്‍നിന്നു മറ്റൊന്നിലേക്ക് നടക്കുന്നതിനിടെയാണു ബോംബ് വീണത്. രണ്ട് ക്രിസ്ത്യന്‍ വനിതകള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് വെടിയേറ്റു. ഭീതിയുടെ നിഴലിലായി പിന്നീട് ജീവിതം. ക്രിസ്മസിന് ഒരുങ്ങുന്നതിനിടെ ഡിസംബര്‍ 21 നായിരുന്നു അടുത്ത ആക്രമണം. അതു കണ്ട് ഖലീലിന്റെ പിതാവ് ജെറീസ് (68)-തളര്‍ന്നുവീണു, ഹൃദയാഘാതമായിരുന്നു.

ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇസ്രയേല്‍ സൈന്യം അനുവദിച്ചില്ല. അവിടെ എത്തിച്ചപ്പോഴേക്കും വൈകി. ആശുപത്രിയില്‍ മരുന്നുകളും ഉണ്ടായിരുന്നില്ല. 'എന്റെ പിതാവിന് വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍, അദ്ദേഹം ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു' - ഖലീല്‍ പറഞ്ഞു. മാസങ്ങള്‍ക്കുശേഷം ഏപ്രിലിലായിയിരുന്നു അടുത്ത ദുരന്തം. തെക്കന്‍ അതിര്‍ത്തി വഴി ഗാസയില്‍നിന്നു പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണു ഖലീലിന്റെ സഹോദരി ലാറ(18) മരിച്ചത്. സൂര്യാഘാതമായിരുന്നു കാരണം. അമ്മയോടൊപ്പം ഈജിപ്തില്‍ അഭയം തേടാനായിരുന്നു ലാറയുടെ ശ്രമം. അവിടെ പഠനം തുടരാനാണ് അവള്‍ ശ്രമിച്ചത്.

ഇസ്രയേലില്‍നിന്ന് ആവശ്യമായ പെര്‍മിറ്റുകള്‍ എല്ലാം നേടിയശേഷമായിരുന്നു യാത്ര. ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ച 'സുരക്ഷിത റൂട്ടി'ലൂടെയായിരുന്നു ലാറയുടെ യാത്ര. സായുധ ഡ്രോണുകളുടെ മേല്‍നോട്ടത്തില്‍ വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ലഭ്യമല്ലാത്ത ഏഴ് കിലോമീറ്റര്‍ യാത്രയും അതില്‍ ഉള്‍പ്പെട്ടിരുന്നു. അവളുടെ മരണം ഒരു ബന്ധുവാണു ഖലീലിനെ അറിയിച്ചത്.

1994-ല്‍ മധ്യവര്‍ഗ ക്രിസ്ത്യന്‍ കുടുംബത്തിലാണു ഖലീല്‍ ജനിച്ചത്. 1948 വരെ ഗാസയിലെ സമ്പന്നരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. പാലസ്തീനികള്‍ 'നക്ബ'(ദുരന്തം) എന്നു വിളിക്കുന്ന യുദ്ധത്തില്‍ വീടു നഷ്ടമായി. അഭയാര്‍ഥ എന്ന അവസ്ഥയില്‍നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആ കുടുംബം പിടിച്ചുനിന്നത്. ഗാസയിലെ ക്രിസ്ത്യന്‍ ജീവിതം അറബ് ഓര്‍ത്തഡോക്‌സ് സെന്റര്‍, വൈ.എം.സി.എ. തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. എല്ലാ വ്യാഴാഴ്ചയും ഖലീല്‍ വൈ.എം.സി.എ സന്ദര്‍ശിക്കും. 'അവിടെ ഞങ്ങള്‍ ഫുട്‌ബോളും ടെന്നീസും കളിച്ചു. ആ ജീവിതം ശരിക്കും ആസ്വദിച്ചു. ഏറെ സൗഹൃദങ്ങളും അവിടെനിന്നു ലഭിച്ചു' - ഖലീല്‍ അനുസ്മരിച്ചു.

ഖലീലിനു 10 വയസുള്ളപ്പോള്‍, ആയിരക്കണക്കിന് ഇസ്രയേലി സൈനികര്‍ ഗാസയില്‍ ഉണ്ടായിരുന്നു. 40 കിലോമീറ്റര്‍ നീളം മാത്രമേ ഉള്ളൂവെങ്കിലും ഗാസയുടെ ഒരു ഭാഗത്ത് നിന്ന് മറ്റേ ഭാഗത്തേക്ക് വാഹനങ്ങളിലെത്താന്‍ അഞ്ചോ ആറോ മണിക്കൂര്‍ എടുക്കുമായിരുന്നു. സൈനിക ചെക്‌പോസ്റ്റുകളിലെ പരിശോധനകളായിരുന്നു തടസം. പലപ്പോഴും സമയത്ത് സ്‌കൂളിലെത്താന്‍ കഴിയുമായിരുന്നില്ല. അതേ പ്രതിസന്ധി അധ്യാപകര്‍ക്കും ഉണ്ടായിരുന്നു.

പീന്നീടാണു ഹമാസ് അധികാരത്തിലെത്തിയത്. അവരെ ഭയത്തോടെയാണ് ആദ്യം ക്രിസ്ത്യന്‍ സമൂഹം കണ്ടത്. പക്ഷേ, ആശ്ചര്യത്തിനു വകയുണ്ടായിരുന്നു. പള്ളികള്‍ക്കും മറ്റ് ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ഹമാസ് തീരുമാനിച്ചു. അതു പ്രധാനമായും ഒരു രാഷ്ട്രീയ തന്ത്രമാണെന്നാണു ഖലീലിന്റെ വിലയിരുത്തല്‍. പാശ്ചാത്യ രാജ്യങ്ങളില്‍ ഹമാസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗം.
അതിനര്‍ത്ഥം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നല്ല. ഹമാസ് ഏറ്റെടുത്തതിന് ശേഷം 'പൊതു ഇടങ്ങളില്‍' ക്രമേണ 'ഇസ്ലാമികവല്‍ക്കരണം' ഉണ്ടായി. പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ ക്രിസ്ത്യാനികള്‍ക്കു നിയന്ത്രണങ്ങളുണ്ടായിരുന്നു.

2008 ന്റെ അവസാനത്തില്‍ ഇസ്രയേല്‍ നടത്തിയ 22 ദിവസത്തെ കര, നാവിക, വ്യോമ ബോംബാക്രമണത്തില്‍ 1,400 ഓളം പാലസ്തീനികള്‍ കൊല്ലപ്പെട്ടു. അരലക്ഷത്തോളം വീടുകള്‍ നശിച്ചു. അക്കാലത്ത് ഖലീലിന് 14 വയസായിരുന്നു പ്രായം. ജറുസലേമില്‍ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പെര്‍മിറ്റ് അയാള്‍ സ്വന്തമാക്കി. പിന്നീട് വീട്ടിലേക്കു മടങ്ങിയില്ല. 'മാതാപിതാക്കളുടെ അനുവാദമില്ലാതെ ഞാന്‍ തനിച്ചാണ് ജറുസലേമിലേക്കു പോയത്. ആ യാത്രയില്‍ പാലസ്തീന്‍ പ്രൊട്ടസ്റ്റന്റുകളെ കണ്ടുമുട്ടി. അവരുടെ സഹായത്തോടെ ബെത്‌ലഹേം ബൈബിള്‍ കോളജില്‍ ചേര്‍ന്നു പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുടെ സഹായത്തോടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടാന്‍ യു.എസ്. യാത്ര തരപ്പെടുത്തി.

ഇടയ്ക്കു നാട്ടിലേക്കു മടങ്ങാന്‍ ശ്രമിച്ചെങ്കിലും ഇസ്രയേല്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ല. 'ഇപ്പോള്‍ സെന്റ് പോര്‍ഫിറിയസ് പള്ളിയില്‍ അഭയം തേടിയിരിക്കുന്ന എല്ലാവരും ഗാസ വിടാന്‍ ആഗ്രഹിക്കുന്നു'- ഖലീല്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍ താമസിച്ചിരുന്ന വടക്കന്‍ പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലും ബോംബാക്രമണമുണ്ടായി. എല്ലാം നശിച്ചു.

ഗാസയിലെ ക്രിസ്ത്യാനികളെ പാശ്ചാത്യ രാജ്യങ്ങളിലെ സഭകള്‍ അവഗണിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഫ്രാന്‍സിസ് മാര്‍പാപ്പ മാത്രമാണു ഗാസയിലെ രക്തച്ചൊരിച്ചിലിനെതിരേ ശബ്ദം ഉയര്‍ത്തിയത്. അഗോറ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഖലീല്‍ യു.എസിലുടനീളം സഞ്ചരിക്കുകയും സഭകളുടെ ചുമതലക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്.

സെന്റ് പോര്‍ഫിറിയസ് പള്ളിയില്‍, സയീദിന്റെ അവശേഷിക്കുന്ന സഹോദരി ഉള്‍പ്പെടെ 400 ഓളം പാലസ്തീനികള്‍ ഇപ്പോഴും ഇസ്രയേല്‍ യുദ്ധത്തില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. അവര്‍ക്ക് വൈദ്യുതിയില്ല. പട്ടിണിയോടു പോരാടി ജീവന്‍ നിലനിര്‍ത്തുന്നെന്നു മാത്രം. പള്ളിക്കുനേരേ പലതവണ ബോംബ് ആക്രമണമുണ്ടായി. ഖലീല്‍ ബാല്യകാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച വൈ.എം.സി.എ. അക്ഷാര്‍ഥത്തില്‍ ശ്മശാനമായി മാറി. അവരുടെ ഫുട്‌ബോള്‍ മൈതാനം ഇപ്പോള്‍ ശവസംസ്‌കാര സ്ഥലമാണ്.