വെടിവെക്കാൻ കാത്തിരുന്നവരെ വെട്ടിച്ച് കാട്ടുപന്നികൾ
പെരുമ്പറമ്പിൽ മൂന്നാം ദിവസവും കൃഷി നശിപ്പിച്ചു
ഇരിട്ടി: പന്നിക്കൂട്ടങ്ങൾ പെരുപറമ്പ് മേഖലയിൽ കാർഷികവിളകൾ നശിപ്പിക്കുന്നത് തുടർക്കഥയായതോടെ പായം പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം അംഗീകൃത തോക്ക് ലൈസൻസ് ഉള്ളവർ കഴിഞ്ഞ രാത്രിയിൽ മണിക്കൂറുകളോളം കൃഷിയിടത്തിൽ തോക്കുമായി നിന്നെങ്കിലും പന്നിക്കൂട്ടം എത്തിയില്ല. എന്നാൽ തോക്കുമായി കത്തിരുന്ന സംഘം പോയതിന് പിന്നാലെ കൃഷിയിടത്തിൽ എത്തിയ പന്നിക്കൂട്ടം വ്യാപകനാശം വരുത്തി. കഴിഞ്ഞ ദിവസം 200ഓളം വഴകൾ നശിപ്പിച്ച വാഴകർഷകൻ ജോണിയോയാക്കിന്റെ കൃഷിയിടത്തിൽ നിന്നും വീണ്ടും വാഴയും കപ്പയും നശിപ്പിച്ചു. വേലികെട്ടി സംരക്ഷിച്ച സമീപത്തെ പറമ്പിലെ വാഴയും പയറുമെല്ലാം പന്നിക്കൂട്ടം നശിപ്പിച്ചു. മാറോളി വത്സന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ വാഴയാണ് വ്യാപകമായി നശിപ്പിച്ചത്. ബുധനാഴ്ച്ച രാത്രി സമീപത്തെ മാതോളി ശ്രീനിവാസന്റെയും പ്രമോദ് കുമാറിന്റെ കൃഷിയിടത്തിൽ നിന്നും കപ്പ , ചേമ്പ്, കൂവ്വ , കാച്ചിൽ എന്നിവയും വാഴയും നശിപ്പിച്ചിരുന്നു.
വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഉപദ്രപകാരികളായ പന്നികളെ വെടിവെച്ചുക്കൊല്ലാൻ പഞ്ചായത്തിന്റെ സഹായം തേടാനും പ്രദേശവാസികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം അംഗീകൃത തോക്ക് ലൈസൻസ് ഉള്ളവരെ കൃഷിയിടത്തിലേക്ക് വിട്ടത്. വെടിവെക്കാനായി ഇവർ മണിക്കൂറുകളോളം കൃഷിയിടത്തിൽ കാത്തുനിന്നെങ്കിലും ഇവർ പോയതിന് പിന്നാലെയാണ് പന്നിക്കൂട്ടം എത്തി കൃഷി നശിപ്പിച്ചത്.
പായം പഞ്ചായത്തിലെ ഉദയഗിരിയിലും കാട്ട്പന്നികൾ നൂറോളം വാഴകൾ നശിപ്പിച്ചു. മണക്കാട്ട്ചിറ വിശ്വംഭരൻ, ഞാലിമാക്കൽ സജി എന്നിവരുടെ വാഴകളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. പറമ്പ് മുഴുവൻ കിളച്ചിട്ട നിലയിലാണ്. പഞ്ചായത്തംഗം ബിജു കോങ്ങാടൻ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. കാട്ടുപന്നി ശല്യം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം പറഞ്ഞു.
മലയോര മേഖലയിൽ മുമ്പെങ്ങും ഇല്ലാത വിധം കാട്ടു പന്നി ശല്യം രൂക്ഷമായി. നേരത്തെ ആഴ്ച്ചകളിലോ മാസങ്ങളിലോ ഒന്നോരണ്ടൊ തവണകളിലെങ്കിലും ഉണ്ടാകുമായിരുന്ന ശല്യം ഇപ്പോൾ നിത്യവുമായിരിക്കുകയാണ്. മലയോര ജനതയുടെ പ്രധാന ഭക്ഷ്യ വിളകളിൽപ്പെടുന്ന കപ്പയും, ചേനയും കാച്ചിലും, ചേമ്പും മറ്റുമാണ് ഇവ തിന്നു നശിപ്പിക്കുന്നത്. സ്വന്തം ആവശ്യത്തിന് പോലും അടുക്കളപ്പുറത്തു പോലും ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് മേഖലയിൽ സംജാതമായിരിക്കുന്നത്.