മണ്ഡലകാലം തുടങ്ങി 20 ദിവസത്തിൽ 60,54,95,040 രൂപയുടെ വിൽപ്പന; ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് വര്‍ധന

മണ്ഡലകാലം തുടങ്ങി 20 ദിവസത്തിൽ 60,54,95,040 രൂപയുടെ വിൽപ്പന; ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് വര്‍ധന


ശബരിമല: മണ്ഡലകാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ (60 കോടി 54 ലക്ഷത്തി 95040) വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,20,15,585 (42 കോടി 20 ലക്ഷത്തി 15585) രൂപയാണ് അപ്പം അരവണ വില്പനയിൽ ലഭിച്ചത്. 

ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34,79455 (18 കോടി 34 ലക്ഷത്തി 79455) രൂപയാണ് ഇക്കുറി ഈ രംഗത്തെ വർധന. ആദ്യ പന്ത്രണ്ട്  ദിവസത്തിനുള്ളിൽ  അപ്പം വിറ്റുവരവ്  35328555 രൂപയായിരുന്നു . അരവണ വില്പനയാകട്ടെ  289386310 രൂപയും. സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട്  കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

പൈപ്പിലൂടെ ചുക്കു വെള്ള വിതരണം ഇനി പതിനെട്ടാം പടി മുതൽ ശബരിപീഠം വരെ

തീർഥാടകർക്ക് ദാഹവും ക്ഷീണവുമകറ്റാൻ ദേവസ്വം ബോർഡ് വിതരണം ചെയ്തു വരുന്ന ചുക്കുവെള്ള വിതരണം പൈപ്പിലൂടെ ഇനി മുതൽ പതിനെട്ടാം പടി മുതൽ ശബരി പീഠം വരെ ലഭ്യമാകും . ഇതിനായി ശബരി പീഠം വരെ ദേവസ്വം ബോർഡ് പൈപ്പ് ലൈൻ സ്ഥാപിച്ചു. ശരംകുത്തിയിലെ ബോയിലർ പ്ലാൻ്റിൽ നിന്നും നേരിട്ടാണ് തീർഥാടന പാതയിൽ പൈപ്പിലൂടെ ചുക്കു വെള്ളമെത്തിക്കുന്നത്.

പാചക വാതകം ഉപയോഗപ്പെടുത്തിയായിരുന്നു ഈ പ്രദേശങ്ങളിൽ നേരത്തെ ചുക്കു വെള്ളം നൽകിയിരുന്നത് .ചുക്കു വെള്ളം പൈപ്പിൽ നൽകുന്നതോടെ പാചകവാതകച്ചിലവും ജീവനക്കാരുടെ അധിക സേവനവും ലാഭിക്കാനാകും.ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിലാണ് ചുക്ക് വെള്ളം നൽകി വരുന്നത് . ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്താണ് വെള്ളം തയ്യാറാക്കുന്നത്.

ശബരിമല ഓവർസിയർമാരായ G ഗോപകുമാർ , രമേഷ് കൃഷ്ണൻ ,സ്പെഷ്യൽ ഓഫിസർ ജി.പി. പ്രവീൺ ,എ എസ് ഒ ഗോപകുമാർ ജി  നായർ ,എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൈപ്പ് ലൈൻ സ്ഥാപിച്ചത് . ചുക്കുവെള്ള വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു .