ലുലു കൊണ്ടു വരും 25000 തൊഴിലവസരം: ലോകം കൊച്ചിയിലേക്ക് നോക്കും; മാള്‍ അല്ല, ഇത് അതുക്കും മേലെ

ലുലു കൊണ്ടു വരും 25000 തൊഴിലവസരം: ലോകം കൊച്ചിയിലേക്ക് നോക്കും; മാള്‍ അല്ല, ഇത് അതുക്കും മേലെ


ഐടി ഭൂപടത്തില്‍ കേരളത്തിന്റെ തിലകക്കുറിയായി മാറാന്‍ ലുലുവിന്റെ ഇരട്ട ഐടി ടവറുകള്‍ തയ്യാർ. അവസാനഘട്ട മിനുക്ക് പണികളും കഴിഞ്ഞ ലുലു ടവറിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് തന്നെ നിരവധി ലോകോത്തര കമ്പനികള്‍ ലുലുവിന്റെ ഐടി പാർക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

കാക്കനാട്ടെ സ്മാർട് സിറ്റി ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് വമ്പന്‍ ഇരട്ട മന്ദിരങ്ങള്‍ ലുലു (ലുലു ഐടി ഇൻഫ്ര ബിൽഡ്) നിർമ്മിച്ചത്. ഐടി നഗരങ്ങളായ ബംഗളൂരുവിലോ ഹൈദരാബാദിലോ ഇല്ലാത്ത രീതിയിലുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വാണിജ്യാധിഷ്ഠിത ഐടി മന്ദിരമാണ് ലുലു ഗ്രൂപ്പ് കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്.


15000 കോടി രൂപ മുതല്‍ മുടക്കിയാണ് കെട്ടിടം പണികഴിപ്പിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ നവംബറില്‍ ഉദ്ഘാടനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നിലവിലെ സാഹചര്യത്തില്‍ അടുത്ത വർഷം ആദ്യത്തോടെ തന്നെ മന്ദിരങ്ങള്‍ ഉദ്ഘാടനം ചെയ്തേക്കും. ഇരട്ട ടവറുകള്‍ക്ക് ഒക്യൂപെൻസി സർട്ടിഫിക്കറ്റ് ലഭിച്ച് കഴിഞ്ഞു.

ഐ ബി എം ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വലിയ 5 ഐടി കമ്പനികളുടെ സാന്നിധ്യം തുടക്കം മുതല്‍ തന്നെ ടവറിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐടി ഇൻഫ്ര ബിൽഡ് ഡയറക്ടറും സിഇഒയുമായ അഭിലാഷ് വലിയവളപ്പില്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു. പല പ്രമുഖ കമ്പനികളുമായി ചർച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

153 മീറ്റർ ഉയരത്തിലുള്ള ഇരട്ട ടവറുകള്‍ കേരളത്തിന്റെ ഐടി മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആകെ 34.54 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ടെങ്കിലും 25.5 ലക്ഷം ചതുരശ്ര അടിയാണ് ലീസിന് നല്‍കുക. 25000 പേർക്ക് ഇവിടെ ഒരേ സമയം ജോലി ചെയ്യാം. ഐടി കമ്പനികളുമായി അനുബന്ധിച്ച് പ്രവർത്തിക്കുന്ന മറ്റ് സജ്ജീകരണങ്ങളിലൂടെ മറ്റ് നിരവധി പേർക്കും ജോലി ലഭിക്കും. ലുലുവിന്റെ നേതൃത്വത്തില്‍ തന്നെ ഫുഡ് കോർട്ട്, റീട്ടെയില്‍ സൗകര്യങ്ങൾ ഉള്‍പ്പെടേയുള്ളവയും തയ്യാറാക്കുന്നുണ്ട്.

കെട്ടിടത്തില്‌ മൂന്ന് ലെവല്‍ കാർ പാർക്കിങില്‍ ഒരേ സമയം 4250 ലേറെ കാറുകള്‍ക്ക് പാർക്ക് ചെയ്യാന്‍ സാധിക്കും. ഇതിലെ 3000 കാറുകള്‍ക്ക് റോബോട്ട് കാര്‍പാര്‍ക്കിംഗ് സൗകര്യമായിരിക്കും ലഭിക്കുക. ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമൊക്കൊ ഐടി കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിലും ലുലു ടവർ നിർണ്ണായക സ്വാധീനം ചെലുത്തിയേക്കും.

കൊച്ചിയിലേക്ക് മാറുന്നത് ഐടി കമ്പനികള്‍ക്ക് സാമ്പത്തികമായും ലാഭകരമായിരിക്കും. വാടകയിനത്തില്‍ കമ്പനികള്‍ക്ക് മറ്റ് നഗരങ്ങളില്‍ നല്‍കേണ്ടതിന്റെ മൂന്നിലൊന്നെ കൊച്ചിയില്‍ നല്‍കേണ്ടതുള്ളു. ബംഗളൂരുവിലെ ജലക്ഷാമം ഉള്‍പ്പെടേയുള്ള പ്രതിസന്ധികളില്‍ പകരം വെക്കാനാകുന്ന ഓപ്ഷനുമാണ് കേരളം.

ജീവനക്കാരുടെ ചെലവും കുറവായിരിക്കും. 2023 ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം ഐടി പ്രൊഫഷണലുകളാണ് കേരളത്തില്‍ പ്രവർത്തിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ മാത്രമാണ് കൊച്ചിയിൽ ജോലി ചെയ്യുന്നു. ലോകോത്തര കമ്പനികള്‍ വരുന്നതോടെ കൊച്ചിയിലേക്ക് ബംഗളൂരുവില്‍ നിന്നടക്കം കൂടുതല്‍ ഐടി പ്രൊഫഷണലുകള്‍ കൂടുമാറിയേക്കും.

ബംഗളൂരുവിനെ അപേക്ഷിച്ച് ചെറിയ നഗരമാണെങ്കിലും കൊച്ചിയിൽ നടത്തിയ സിറ്റി ഓഡിറ്റിങ്ങുകളിൽ പല കമ്പനികളും തൃപ്തരാണെന്നും അഭിലാഷ് പറയുന്നു. മെട്രോ അടക്കമുള്ള മികച്ച ഗതാഗത സൗകര്യങ്ങൾ, നിരവധി ഫൈവ് സ്റ്റാർ ഹോട്ടലുകള്‍, ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം കൊച്ചിയെ ആകർഷകമാക്കുന്നു.