ഫുട്ബോൾ ഫൈനലിനിടെ ആരാധകർ ഏറ്റുമുട്ടി; ഗിനിയിൽ 56 മരണം
കൊണെക്രി: ഫുട്ബോൾ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെപ്പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എൻസെറെകോരയിലാണ് സംഭവം. മരണസംഖ്യ ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. നഗരത്തിലെ മോർച്ചറികളെല്ലാം ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ആശുപത്രി വരാന്തകളും ജഡങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു അനിഷ്ട സംഭവങ്ങൾ. റഫറിയുടെ തീരുമാനമാണ് അക്രമസംഭവങ്ങൾക്ക് വഴിവെച്ചത്. ഇതിനെ തുടർന്ന് ടീമുകളുടെ ആരാധകർ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങൾ ആരംഭിച്ചത്. തുടർന്ന് അക്രമം തെരുവിലേക്കും വ്യാപിച്ചു. അക്രമികൾ എസെരെകോരെയിലെ പോലീസ് സ്റ്റേഷന് തീയിട്ടു.
2021-ൽ ആൽഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത നേതാവാണ് സൈനികൻ കൂടിയായ ദൗംബൗയ. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഫുട്ബോൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രസിഡന്റായ ശേഷം കഴിഞ്ഞ ജനുവരിയിൽ ലഫ്റ്റ്നന്റ് ജനറലായും ഇക്കഴിഞ്ഞ മാസം ആർമി ജനറലായും സ്വയം സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇതിനുശേഷം വിമതരെ ശക്തമായി അടിച്ചമർത്തി വരികയുമായിരുന്നു. ഇതിനിടെയാണ് ദുരന്തം