തിരുവനന്തപുരം: കുവൈറ്റിൽ നിന്ന് ലോണെടുത്ത് മുങ്ങിയ സംഭവത്തിൽ മലയാളികൾക്കെതിരെ കേസെടുത്തു. കുവൈറ്റിലെ ഗൾഫ് ബാങ്കാണ് മലയാളികൾക്ക് എതിരെ പരാതിയുമായി രംഗത്ത് വന്നത്. 700 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് തട്ടിപ്പ് നടന്നത്. ബാങ്കിൽ നിന്ന് കോടികൾ പ്രതികൾ ലോണായി എടുത്ത ശേഷം മുങ്ങുകയായിരുന്നു.
നഴ്‌സുമാർ ഉൾപ്പെടെ തട്ടിപ്പ് നടത്തിയവരിൽ ഉൾപ്പെടുന്നു എന്നാണ് സൂചന. 50 ലക്ഷം രൂപ മുതൽ രണ്ട് കോടി വരെയുള്ള തുകകൾ ലോണായി എടുത്തവർ ഇക്കൂട്ടത്തിലുണ്ട്. ആകെ 1425 മലയാളികൾക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഗൾഫ് ബാങ്ക് ഓഫ് കുവൈറ്റ് നൽകിയ പരാതിയിൽ സംസ്ഥാനത്ത് പത്തോളം കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കേസുകളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുവൈറ്റിലെ ഗൾഫ് ബാങ്ക് ജീവനക്കാർ അടുത്തിടെ കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരത്ത് എത്തിയ സംഘം എഡിജിപിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്. വിവിധ കേസുകളിലായി പത്തോളം പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സുമാരായി ജോലി ചെയ്‌തവർക്ക് എതിരായാണ് കൂടുതൽ പരാതികളും വന്നിരിക്കുന്നത്. കോവിഡിന് ശേഷം കുവൈറ്റ് വിട്ട പലരും ജോലിക്കായി മറ്റ് രാജ്യങ്ങളിലേക്ക് പോവുകയും ചെയ്‌തിട്ടുണ്ട്. കുവൈറ്റിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും തട്ടിപ്പ് നടത്തിയവരുടെ കൂട്ടത്തിലുണ്ട്.
സംഭവത്തിൽ കേരളത്തിൽ രജിസ്‌റ്റർ ചെയ്‌ത കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എറണാകുളം, കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് വിഭാഗങ്ങളായിരിക്കും കേസിൽ അന്വേഷണം നടത്തുക. ദക്ഷിണ മേഖല ഐജിയാവും അന്വേഷണം ഏകോപിപ്പിക്കുക. ഒരു മാസം മുൻപാണ് കുവൈറ്റിലെ ബാങ്ക് അധികൃതർ വിഷയം ആദ്യം ഉന്നയിച്ചത്.
വായ്‌പ എടുത്ത ശേഷം ഭൂരിഭാഗം പേരും ബ്രിട്ടൻ, യുഎസ്, കാനഡ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറിയെന്നാണ് പോലീസ് പറയുന്നത്. 2020-22 കാലഘട്ടത്തിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തുടക്കത്തിൽ ചെറിയ തുകകൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം കൃത്യമായി തിരിച്ചടി നടത്തിയ പ്രതികൾ ബാങ്കിന്റെ വിശ്വാസ്യത നേടിയെടുത്ത ശേഷം വലിയ തുക ലോണെടുത്ത് മുങ്ങുകയായിരുന്നു.
എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും കേരളത്തിലേക്ക് തന്നെ തിരിച്ചുവന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ കേരള പോലീസിനെ സമീപിച്ചത്. തട്ടിപ്പ് നടത്തിയവരുടെ വിലാസം അടക്കമാണ് പരാതിയിൽ നൽകിയിരിക്കുന്നത്. കൃത്യം നടന്നത് കേരളത്തിൽ അല്ലെങ്കിലും വിദേശത്ത് നടന്ന കുറ്റകൃത്യത്തിൽ കേസെടുക്കാൻ പോലീസിന് അധികാരമുണ്ട്.