പ്രാഥമികാംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കി ; മധു മുല്ലശ്ശേരി ബിജെപിയിലേക്ക്, നേതാക്കളുമായി ചര്‍ച്ച നടത്തി

പ്രാഥമികാംഗത്വത്തില്‍ നിന്നും സിപിഎം പുറത്താക്കി ; മധു മുല്ലശ്ശേരി ബിജെപിയിലേക്ക്, നേതാക്കളുമായി ചര്‍ച്ച നടത്തി



തിരുവനന്തപുരം: മംഗലപുരം ഏരിയാകമ്മറ്റി കമ്മറ്റിയംഗമായിരുന്ന മധു മുല്ലശ്ശേരിയ്‌ക്കെതിരേ സിപിഎം നടപടിയെടുത്തു. പാര്‍ട്ടി വിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടെന്ന് കാണിച്ച് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. സിപിഎമ്മില്‍ നിന്നും പുറത്തുപോകുന്ന മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും ബിജെപി നേതാക്കളുമായി ഇതിനകം കൂടിക്കാഴ്ച നടത്തിയതായിട്ടുമാണ് വിവരം.

പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നാണ് സിപിഎം മധുവിനെ പുറത്താക്കി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. പൊതുജന മധ്യത്തില്‍ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം മധു ബിജെപിയില്‍ അംഗത്വമെടുത്തിരിക്കെയാണ് തിടുക്കപ്പെട്ട് സിപിഎം നടപടി.

ബിജെപി നേതാക്കളുമായി കഴിഞ്ഞ ദിവസം രാത്രിയില്‍ മധു കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ന് രാവിലെ 11 മണിക്ക് നേതാക്കള്‍ മധുവിന്റെ വീട്ടിലെത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മധുവിനെതിരേ നടപടിയെടുക്കാനും നിയമ നടപടി സ്വീകരിക്കാനും ജില്ലസെക്രട്ടറി വി. ജോയിക്ക് അനുമതി നല്‍കിയിട്ടുണ്ട്.

സംഘടാവിരുദ്ധവുമായ പരാതികള്‍ക്ക് പുറമേ സാമ്പത്തീക തട്ടിപ്പും മധു മുല്ലശ്ശേരിക്കെതിരേ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കാണിച്ചാണ് മധുവിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നത്. സിവിലായും ക്രിമിനലായും കേസ് നല്‍കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. ഏരിയാ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ഊഴം ലഭിക്കാതിരുന്നതോടെയാണ് മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടത്. മൂന്നാം ഊഴം നല്‍കേണ്ടതില്ലെന്ന് ജില്ലാ നേതൃത്വം നേരത്തെ തന്നെ കണക്കാക്കിയിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കുളള അഭിപ്രായ വോട്ടെടുപ്പില്‍ മധു പരാജയപ്പെടുകയും ചെയ്തിരുന്നു.