ക്രിസ്തുമസ് - പുതുവത്സരാഘോഷം വ്യത്യസ്തമാക്കി ഇരിട്ടി എം ജി കോളേജ്
ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് യൂണിയൻ സംഘടിപ്പിച്ച ക്രിസ്തുമസ് - പുതുവത്സരാഘോഷം സംഘാടനത്തിലെ വ്യത്യസ്ത കൊണ്ട് വേറിട്ടുനിന്നു. ഇരിട്ടി മരിലാക് ഭവനിലെ അംഗങ്ങളെ വിശിഷ്ഠ അതിഥികളായി കോളേജിലേക്ക് ക്ഷണിച്ചാണ് യൂണിയൻ പരിപാടി സംഘടിപ്പിച്ചത്. മരിലാക് ഭവനിലെ അംഗങ്ങളുടെ കലാ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. അംഗങ്ങൾക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. എല്ലാവർക്കും പ്രിൻസിപ്പൽ ഡോ. സ്വരൂപ ആർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണിതെന്നും, സന്തോഷമായെന്നും, കോളേജ് കാണിച്ച സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മരിലാക് ഭവനിലെ അംഗങ്ങൾ പറഞ്ഞു. ഇത്തരത്തിൽ വ്യത്യസ്തമായി ക്രിസ്തുമസ് - പുതുവത്സര ആഘോഷിക്കുവാനുള്ള വിദ്യാർത്ഥികളുടെ താത്പര്യത്തെ അഭിനന്ദിക്കുന്നതായും മനുഷ്യ മനസ്സുകളിൽ സഹാനുഭൂതി പകരുന്ന ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ സാമൂഹിക നൻമയ്ക്ക് ഗുണം ചെയ്യുമെന്നും ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. സണ്ണി ജോസഫ് എം എൽ എ പറഞ്ഞു. മരിലാക് അംഗങ്ങൾക്കൊപ്പം കോളേജ് വിദ്യാർത്ഥികളുടെ കലാപരിപാടികളും മ്യൂസിക്കൽ പ്രോഗ്രാമും നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. സ്വരൂപ ആർ, യൂണിയൻ അഡ്വൈസർ സെബിൻ ജോർജ്ജ്, സ്റ്റാഫ് എഡിറ്റർ ഡോ. ബിജു മോൻ ആർ, യൂണിയൻ ഭാരവാഹികളായ അലൻ കുര്യൻ, അൻസിലിൻ കുര്യൻ എന്നിവർ സംസാരിച്ചു.