ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കിക്കൊണ്ട് 2019 മുതൽ പ്രവർത്തിച്ചു വരുന്ന കുടുംബശ്രീ കേരള ചിക്കന്റെ ഫ്രോസൺ മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിലേക്ക്. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിങ്ങനെ വിവിധ ഉൽപന്നങ്ങളാണ് വിപണിയിലിറക്കുക.
തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാളെ സെക്രട്ടേറിയറ്റ് അനക്‌സ് 2 ലെ ഏഴാം നിലയിലെ നവകൈരളി ഹാളിൽ വൈകിട്ട് 4 മണിക്ക് ഉൽപന്നങ്ങളുടെ ലോഞ്ചിങ്ങ് നിർവഹിക്കും. കുടുംബശ്രീ ഭരണ നിർവഹണ സമിതി അംഗങ്ങൾ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും.
ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉൽപന്നങ്ങൾ ലഭിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആഭ്യന്തര വിപണിയിൽ ആവശ്യമായതിന്റെ പകുതിയെങ്കിലും ഉൽപാദിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് വരുമാനവർധനവും ലക്ഷ്യമിടുന്നു. ഇതിൻറെ ഭാഗമായാണ് ചിക്കൻ മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. നിലവിൽ 11 ജില്ലകളിലായി 431 ബ്രോയ്‌ലർ ഫാമുകളും 139 ഔട്ട്‌ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.