മുശാവറയിലെ ഇല്ലാത്ത പൊട്ടിത്തെറി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലാണെന്നും സ്ലീപ്പിങ് സെല്ലുകാര്‍ ആ ചാനലിനെ കൊണ്ടുനടക്കുകയാണെന്നും സമസ്ത നേതാവ് മുക്കം ഉമർ ഫൈസി. അവരുമായുള്ള ചങ്ങായിത്തം ലീഗിന് അപകടമാണെന്നും അവര്‍ ലീഗിനെ നശിപ്പിക്കുമെന്നും അദ്ദേഹം ബുധനാഴ്ച രാത്രി അരീക്കോട് നടന്ന പരിപാടിയിൽ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നത് അപകടമാണ്. 1947ന് പിറന്ന ശേഷം ജമാഅത്തെ ഇസ്ലാമി ഭൂമിയില്‍ ഇറങ്ങിയിട്ടില്ല. സമസ്ത പ്രതിരോധിച്ചത് കാരണമാണത്. മുസ്ലിം ലീഗ് അവരെ കൂട്ടുപിടിച്ചാല്‍ നമ്മുടെ അടുക്കളയിലൊക്കെ അവരെത്തും. ലീഗിന്റെ തോളില്‍ കൈയില്‍ വെച്ച് ജമാഅത്തെ ഇസ്ലാമി അടുക്കളയിലെത്തും.
ഇക്കാരണം വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം സുപ്രഭാതത്തില്‍ ലേഖനം എഴുതിയിരുന്നു. അന്നത് വലിയ വിഷയമായി. പാണക്കാട് വെച്ച് ചർച്ച വരെയായി. ജമാഅത്തെ ഇസ്ലാമിയെ സമസ്ത വിലക്കിയതാണെന്നും സമസ്തക്കാരൻ എന്ന നിലയ്ക്ക് അവരെ പ്രതിരോധിക്കേണ്ടത് ബാധ്യതയാണെന്നും അന്ന് പാണക്കാട് തങ്ങളോട് പറഞ്ഞതാണ്. അവരുമായുള്ള ചങ്ങാത്തം ലീഗിനെ നശിപ്പിക്കുമെന്നും അന്ന് തങ്ങളോട് പറഞ്ഞിരുന്നു. അക്കാര്യങ്ങൾ തങ്ങളും ലീഗ് നേതാക്കളും അംഗീകരിച്ചതാണെന്നും മുക്കം ഉമർ ഫൈസി പറഞ്ഞു. നമ്മുടെ പ്രവര്‍ത്തനം വ്യക്തമാണെന്നും ആരേയും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു