ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി;
തിരിച്ചു കയറാനാകാതെ ഒരു രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങിയ വിളക്കോട് ചാക്കാട് സ്വദേശിയായ വയോധികന് ഇരിട്ടി അഗ്നി രക്ഷാ സേന രക്ഷകരായി
@noorul ameen
ഇരിട്ടി: ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ വീണ ആടിനെ എടുക്കാൻ കിണറ്റിലിറങ്ങിയ വയോധികൻ കിണറിൽ കുടുങ്ങി. തിരിച്ചു കയറാനാവാതെ ഒരു ദിവസം മുഴുവൻ കിണറിൽ കുടുങ്ങിയ വയോധികനെ ഇരിട്ടി അഗ്നിരക്ഷാ സേനയെത്തി കരക്കെത്തിച്ചു. വിളക്കോട് ചാക്കാട്ടെ വേലിക്കോത്ത് ഹൗസിൽ വി.കെ. മുഹമ്മദ് (60) നെയാണ് ഇരിട്ടി അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മുഹമ്മദിൻ്റെ വീട്ടിൽ വളർത്തുന്ന ആടാണ് കിണറിൽ വീണത്. അകലെയുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൻ മേയാൻ വിട്ടസമയത്ത് കിണറിൽ വീഴുകയായിരുന്നു. 4 മണിയോടെ ആടിനെ കാണാതായതിനെ തുടർന്ന് തിരയുന്നതിനിടെയാണ് തൊട്ടടുത്ത ആൾമറയില്ലാത്തകിണറിൽ നിന്ന് ആടിൻ്റെ കരച്ചിൽ കേട്ടത്. 30 അടിയോളം താഴ്ചയുണ്ടായിരുന്ന കിണറ്റിൽ ആടിനെ എടുക്കാൻ ഇറങ്ങിയെങ്കിലും മുഹമ്മദിന് ആടിനെയുമെടുത്ത് തിരികെ കയറാനായില്ല. തുടർന്ന് ഒച്ചയെടുത്തു നിലവിളിച്ചെങ്കിലും ആൾപ്പാർപ്പില്ലാത്ത സ്ഥലമായതിനാൽ ആരും ശ്രദ്ധിച്ചില്ല. രാത്രിയായിട്ടും മുഹമ്മദിനെയും ആടിനെയും കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും അയൽവാസികളും സമീപ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടന്ന് ശനിയാഴ്ച പുലർച്ചെ 3 മണിയോടെ റബർ ടാപ്പിങ്ങിനായി എത്തിയ തൊഴിലാളികൾ കിണറിനുള്ളിൽ നിന്നും മുഹമ്മദിന്റെ നിലവിളി കേട്ട് കിണറ്റിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി അഗ്നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ ബെന്നി ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കിണറ്റിലിറങ്ങി മുഹമ്മദിനെ പുറത്തെത്തിക്കുകയായിരുന്നു. എന്നാൽ കിണറ്റിൽ വീണ് ഗുരുതരമായി പരുക്കേറ്റ ആട് മരണപ്പെടുകയും ചെയ്തു.