തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിയ പട്ടം മൂലം വിമാനങ്ങളെ വട്ടം കയറക്കിയത് രണ്ടു മണിക്കൂര്‍. ഇന്നലെ വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുളള റണ്‍വേ- 32 ന്റെയും വളളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുളളതുമായ ഭാഗത്തെ ആകാശത്ത് 200 അടി ഉയരത്തിലാണ് പട്ടം പറന്ന് എത്തിയത്.
അപകട സാധ്യത മുന്നില്‍ കണ്ട് നാലു വിമാനങ്ങളെ വഴിതിരിച്ച് വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്റെ പറക്കലും നിര്‍ത്തിവെച്ച് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പട്ടം പറത്തിയവരെ കണ്ടെത്താനായില്ല.
തുടര്‍ന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയും ഏപ്രണിലെ ഉദ്യോഗസ്ഥരുമെത്തി റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ അടിയന്തരമായി താഴെയിറക്കാന്‍ ശ്രമം നടത്തി. അഗ്നിരക്ഷാ വാഹനത്തില്‍ നിന്ന് പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് വെളളം ചീറ്റിച്ചു താഴെയിടാന്‍ നോക്കിയെങ്കിലും . വിമാനത്താവളത്തില്‍ പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ് സ്‌കെയര്‍സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചുവെങ്കിലും പട്ടത്തെ താഴെയെത്തിക്കാനായില്ല.
4.20 ഓടെ മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, പിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗ്ലുരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ഇറങ്ങുന്നതിന് അനുമതി നല്‍കാതെ ആകാശത്ത് വട്ടമിട്ട് പറക്കാനുള്ള ഗോ എറൗണ്ടിന് നിര്‍ദേശിച്ചത്. വൈകിട്ടോടെ ഹൈദ്രാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ്, ബെംഗ്ലുരുവിലേക്ക് പോകണ്ടിയിരുന്ന ഇന്‍ഡിഗോ എന്നി വിമാനങ്ങളെയാണ് ബേയില്‍ നിര്‍ത്തിയിട്ടത്. തുടര്‍ന്ന് വൈകിട്ട് 6.20 ഓടെ പട്ടം തനിയെ റണ്‍വേയിലേക്ക് പതിച്ചതോടെയാണ് വിമാനങ്ങളെ ഓള്‍സെയിന്റ് ഭാഗത്തുളള റണ്‍വേ 14 ഇറക്കിയത്്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.