പിവി അന്‍വര്‍ തിരക്കിട്ട ചര്‍ച്ചകളുമായി ഡല്‍ഹിയില്‍; നിലമ്പൂര്‍ എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസിലേക്കോ?

പിവി അന്‍വര്‍ തിരക്കിട്ട ചര്‍ച്ചകളുമായി ഡല്‍ഹിയില്‍; നിലമ്പൂര്‍ എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസിലേക്കോ?


എല്‍ഡിഎഫ് വിട്ട നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ തിരക്കിട്ട രാഷ്്ട്രീയ ചര്‍ച്ചകളുമായി ഡല്‍ഹിയില്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണങ്ങളുന്നയിച്ചതിന് പിന്നാലെയാണ് പിവി അന്‍വര്‍ എല്‍ഡിഎഫ് വിട്ടത്. ഇതിന് പിന്നാലെ അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു.

നിലവില്‍ ഡല്‍ഹിയില്‍ തുടരുന്ന പിവി അന്‍വര്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. തൃണമൂല്‍ എംപിമാരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്‍വറിന്റെ ഡിഎംകെയെ തൃണമൂലിന്റെ ഭാഗമാക്കാനാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.

ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കും. ഇതുകൂടാതെ ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ് എന്നിവരുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തി. വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അന്‍വറിന്റെ കൂടിക്കാഴ്ച.

നേരത്തെ തമിഴ്‌നാട് ഡിഎംകെയുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ അന്‍വറിന് യഥാര്‍ത്ഥ ഡിഎംകെയിലേക്കുള്ള വാതില്‍ അടഞ്ഞിരുന്നു.