‘ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നു’: നവീൻ ബാബുവിൻ്റെ പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകളിൽ തിരിമറിയെന്ന് പി വി അൻവർ

‘ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നു’: നവീൻ ബാബുവിൻ്റെ പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ് റിപ്പോർട്ടുകളിൽ തിരിമറിയെന്ന് പി വി അൻവർ 


ന്യൂഡൽഹി: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബു മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പി വി അൻവർ എം എൽ എ രംഗത്തെത്തി. അദ്ദേഹത്തിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും, ഇൻക്വസ്റ്റ് റിപ്പോർട്ടിലും തിരിമറിയുണ്ടായെന്നാണ് അൻവർ പറയുന്നത്.(PV Anvar MLA on Kannur ADM’s death case )

എ ഡി എമ്മിൻ്റെ കുടുംബത്തെ അറിയിക്കാതെ നടത്തിയ ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികളിൽ സർവ്വത്ര ദുരൂഹതയാണെന്നാണ് ഡൽഹിയിലെത്തിയ അൻവർ വാർത്താസമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.

കയറിൻ്റെ വ്യാസത്തിൽ ദുരൂഹതയുണ്ടെന്നും, 0.5 സെൻറി മീറ്റർ ഡയ മീറ്റർ കയർ മൊബൈൽ ഫോൺ ചാർജറിനേക്കാളും സിഹ്‌റിയ വ്യാസമുള്ളതാണെന്നും പറഞ്ഞ അദ്ദേഹം,  അതിൽ തന്നെ ദുരൂഹതയുണ്ടെന്നും, 55 കിലോ ഭാരമുള്ള മനുഷ്യൻ ഇത്തരത്തിലെ കയറിൽ തൂങ്ങി മരിക്കുകയെന്നത് അസ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മൂത്രസഞ്ചി ശൂന്യമെന്നാണ് പറയുന്നതെന്നും, ശ്വാസം മുട്ടി മരിച്ചിട്ടും ശ്വാസകോശത്തിന് കുഴപ്പമില്ലെന്ന് പറയുന്നുവെന്നും പറഞ്ഞ അൻവർ, ഹൃദയവാൽവിന് ഒരു കുഴപ്പവുമില്ലെന്നാണ് പറയുന്നതെന്നും വിശദീകരിച്ചു.

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്ന അടിവസ്ത്രത്തിലെ രക്തക്കറയെക്കുറിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്താത്തത് ദുരൂഹമാണെന്ന് അദ്ദേഹം പറയുന്നു.

നവീൻ ബാബുവിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകൾ അറിയാമായിരുന്നുവെന്നും, ശശിയുടെ സമ്മർദ്ദത്തെപ്പറ്റി നവീൻ കുടുംബത്തെ അറിയിച്ചിരുന്നുവെന്നും ആരോപിച്ച അൻവർ, ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും അറിയിച്ചു.

ശശിയുടെ ഇടപെടൽ മൂലം നവീൻ ബാബു ജോലി ചെയ്യാൻ ബുദ്ധിമുട്ടിയെന്ന് പറഞ്ഞ അദ്ദേഹം, സംഭവത്തിൽ ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.