അപകടത്തിന് കാരണമായത് അമിത ഭാരവും വാഹനത്തി​ന്റെ പഴക്കവും': ആലപ്പുഴ ആര്‍ടിഒ

അപകടത്തിന് കാരണമായത് അമിത ഭാരവും വാഹനത്തി​ന്റെ പഴക്കവും': ആലപ്പുഴ ആര്‍ടിഒ


ആലപ്പുഴ: കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ജീവന്‍ എടുത്ത അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആര്‍ടിഒ. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായെന്ന് ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ അമിത വേഗതയിലായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനം ആരുടേതാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. 14 വര്‍ഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു.

റോഡില്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവര്‍ലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആര്‍ടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവര്‍ക്ക് കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കും. ഒരു വസ്തുമുന്നില്‍ കണ്ട് കാര്‍ വെട്ടിച്ചെന്നായിരുന്നു ഡ്രൈവര്‍ ആയിരുന്ന വിദ്യാര്‍ത്ഥി പറഞ്ഞത്. എന്നാല്‍ വീഡിയോയില്‍ ഇത് കാണുന്നില്ല. അതിനാല്‍ വീഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു.

അതേസമയം വാഹനം അനധികൃതമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. റെന്റ് എ ക്യാബ് എന്ന സംവിധാനം സംസ്ഥാനത്തുണ്ട്. എന്നാല്‍ ഇവിടെ ഒരു വ്യക്തി സ്വകാര്യ വാഹനം വിദ്യാര്‍ത്ഥികള്‍ക്ക് അനധികൃതമായാണ് നല്‍കിയത്. ഉടമസ്ഥനെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആര്‍ടിഒ വ്യക്തമാക്കി. അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.